യുവാവിന്റെ മരണം: അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം
text_fieldsതലശ്ശേരി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ നഗരസഭ സ്റ്റേഡിയത്തിലെ കെട്ടിടത്തിന് മുകളിലെ ജലസംഭരണിയിൽ വീണ് യുവാവ് മരിച്ചത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം. പാനൂർ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാർ (25) ആണ് മരിച്ചത്. ജലസംഭരണിയുടെ ഒരു ഭാഗം മൂടാതെ തുറന്നിട്ട നിലയിലായിരുന്നു.
കെട്ടിടത്തിന് മുകളിൽ യുവാവ് കയറിയത് കൂടെ ജോലി ചെയ്യുന്നവരാരും അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച പുലർച്ച രണ്ടരക്കാണ് സംഭവം. സ്റ്റേഡിയം മതിലിനോട് ചേർന്നുളള പ്രത്യേക കെട്ടിടത്തിന് മുകളിൽ അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി നിർമിച്ച ജലസംഭരണിയാണിത്.
സ്റ്റേഡിയത്തിൽ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് നടത്തുന്ന സ്പോർട്സ് കാർണിവലിന്റെ ഭാഗമായുള്ള അലങ്കാര ജോലിക്കെത്തിയതായിരുന്നു യുവാവ്. ഗോവണിയിലൂടെ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് മൂടിയില്ലാത്ത ടാങ്കിൽ വീണതാകാമെന്നാണ് അധികൃതരുടെ നിഗമനം. തലശ്ശേരി എസ്.എൻ.എസ് സൗണ്ട്സിലെ ജീവനക്കാരനാണ് മരിച്ച സജിൻ കുമാർ. ജലസംഭരണിക്ക് 20 അടി താഴ്ചയുണ്ട്. കെട്ടിടത്തിന് മുകളിൽ അഗ്നിരക്ഷാ സേനക്കാർ മാത്രമേ കയറാറുള്ളൂ. അതുകൊണ്ടു തന്നെ ഇവിടെ തുറന്നിട്ട ജലസംഭരണി ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല.
തിങ്കളാഴ്ച വൈകീട്ടാണ് സജിൻ കുമാറും സഹപ്രവർത്തകരും സ്റ്റേഡിയത്തിൽ അലങ്കാര ജോലിക്കെത്തിയത്. ദീപാലങ്കാരം നടത്തിയ ശേഷമാണ് ജല സംഭരണിയുളള കെട്ടിടത്തിന് മുകളിലേക്ക് യുവാവ് കയറിയത്. രണ്ട് മൂടികളുള്ളതാണ് ജലസംഭരണി. ഇവയിൽ ഒന്ന് തുറന്നിട്ട നിലയിലാണ്. ഇരുട്ടിൽ ഇത് കണ്ടില്ലായിരിക്കാം. ഏറെ വൈകിയിട്ടും സജിൻ കുമാറിനെ കാണാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. സ്റ്റേഡിയം കെട്ടിട നിർമാണത്തിൽ അപാകതകൾ ഉളളതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ, കെ.പി. മോഹനൻ എം.എൽ.എ എന്നിവരടക്കമുള്ളവർ വിവരമറിഞ്ഞ് സ്റ്റേഡിയത്തിലെത്തി.
അന്വേഷണം വേണം
തലശ്ശേരി: സ്റ്റേഡിയം കോംപ്ലക്സിലെ ജലസംഭരണിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരിയിൽ കോൺഗ്രസ് നേതാക്കൾ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറുമായി ചർച്ച നടത്തി. അനധികൃതമായി സ്റ്റേഡിയത്തിലെ കെട്ടിടങ്ങൾ നിർമിക്കുന്നതിന് കൂട്ടുനിന്ന ബന്ധപ്പെട്ടവരെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം.
കുറ്റക്കാർക്കെതിരെ നിയമാനുസൃത ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി മെംബർ സജീവ് മാറോളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ, നേതാക്കളായ പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, പി.ഒ. മുഹമ്മദ് റാഫി എന്നിവരാണ് സിറ്റി പൊലീസ് കമീഷണറെ കണ്ട് ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.