കടലോളം കടപ്പാടുണ്ട്... മറക്കില്ലൊരിക്കലും...
text_fieldsകണ്ണൂർ: അതിജീവന പോരാട്ടത്തിൽ ലക്ഷദ്വീപ് ജനതക്ക് കേരള ജനത നൽകുന്ന പിന്തുണക്ക് കേരളക്കരയോട് ദ്വീപ്സമൂഹം കടപ്പെട്ടിരിക്കുന്നുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ. സ്വകാര്യ സന്ദർശനത്തിന് കണ്ണൂർ അറക്കൽ രാജകുടുംബത്തിലെത്തിയ മുഹമ്മദ് ഫൈസൽ 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. ലക്ഷദ്വീപ് ജനതക്ക് ഇത് നിലനിൽപിെൻറ പോരാട്ടമാണ്. വരുംതലമുറക്ക് ദ്വീപിൽ ജീവിക്കാൻ കഴിയണമെങ്കിൽ ഈ പോരാട്ടം വിജയിച്ചേ മതിയാകൂ. ദ്വീപിലെ വിദ്യാർഥി സംഘടനകളാണ് ചെറിയ രീതിയിൽ ഈ സമരം തുടങ്ങിവെച്ചത്. ദ്വീപ് വിദ്യാർഥികളുടെ കേരളത്തിലെ സഹപാഠികളും അതിൽ അണിനിരന്നു.
അതങ്ങനെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ജനതയും ഒന്നാകെ സമരം ഏറ്റെടുക്കുകയാണുണ്ടായത്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് കേരള നിയമസഭയിൽ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത് ചരിത്രമാണ്. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഈ പിന്തുണ തുടർന്നും ഞങ്ങൾക്കു വേണം. ദ്വീപിന് കേരളവുമായി ബന്ധപ്പെട്ടുമാത്രമേ നിൽക്കാനാകൂ. കേരളവും ദ്വീപും തമ്മിൽ നൂറ്റാണ്ടുകളായുള്ള, തലമുറകളുടെ ബന്ധമാണ്. ദ്വീപിെൻറ ആദ്യത്തെ ഉടമകൾ കണ്ണൂരിലെ അറക്കൽ രാജകുടുംബമാണെന്നത് ഉൾപ്പെടെ ചരിത്രമാണ്. േകരളവുമായുള്ള ബന്ധം മുറിച്ചുകളയാനാണ് ശ്രമിക്കുന്നത്.
ഹൈകോടതി കർണാടകയിലേക്ക് മാറ്റാനുള്ള നീക്കം അതിെൻറ ഭാഗമാണ്. ബേപ്പൂർ തുറമുഖത്തിനുള്ള കപ്പൽ സർവിസ് മംഗലാപുത്തേക്ക് മാറ്റുന്നതും അതിനുവേണ്ടിതന്നെയാണ്. ദ്വീപുകാരെ ദോഷകരമായി ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും കേന്ദ്രം തിരുത്തുംവരെ പ്രക്ഷോഭം തുടരും. അതുകൊണ്ടും അവസാനിപ്പിക്കാനാവില്ല. ലക്ഷദ്വീപിന് സ്വന്തമായി ഒരു നിയമസഭ വേണം. പുറത്തുനിന്ന് വരുന്ന അഡ്മിനിസ്ട്രേറ്റർ അല്ല ദ്വീപ് ഭരിക്കേണ്ടത്. ദ്വീപിന് എന്തുതരം ഭരണവും വികസനവുമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. സ്വന്തം നിയമസഭയെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ ഇപ്പോഴത്തെ സാഹചര്യം ഉപകരിെച്ചന്നും മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.