കാട്ടാമ്പള്ളിയിൽനിന്ന് കേരളത്തിലെ 553ാമത്തെ പക്ഷിയെ കണ്ടെത്തി
text_fieldsകണ്ണൂർ: കാട്ടാമ്പള്ളി തണ്ണീർത്തടത്തിൽനിന്ന് ബ്ലാക്ക് ബ്രോവ്ഡ് വാർബ്ലർ ഇനം പക്ഷിയെ കണ്ടെത്തി. പക്ഷി നിരീക്ഷകനായ അഫ്സർ നായക്കൻ ആണ് പക്ഷിയുടെ സാനിധ്യം തിരിച്ചറിഞ്ഞതും ഫോട്ടോ പകർത്തിയതും. ഇതോടെ കേരളത്തിൽ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 553 ആയി.
വാർബ്ലർ ഇനത്തിലെ അക്രോസെഫലസ് ബിസ്രടിജിസെപ്സ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പക്ഷികൾ ദേശാടന സ്വഭാവമുള്ളവയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ കട്ടിയുള്ള കറുത്ത പുരികമാണ് പ്രത്യേകത.
കട്ടാമ്പളളിയിലെ തണ്ണീർത്തടത്തിന് സമീപത്തുള്ള വയലിലെ പൊന്തയിലാണ് ഇവയെ കണ്ടെത്തിയത്. പക്ഷിനിരീക്ഷകരായ ജെ. പ്രവീൺ, അശ്വിൻ വിശ്വനാഥൻ, സി. ശശികുമാർ എന്നിവർ ചിത്രങ്ങൾ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിൽ ഇവയെ കാണാറുണ്ടെങ്കിലും തെക്കേ ഇന്ത്യയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. ശ്രീലങ്കയിൽ അപൂർവമായി ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ പക്ഷികളുടെ വൈവിധ്യം കൊണ്ട് മുൻനിരയിലാണ് കാട്ടാമ്പള്ളി. ഇതിനകം 280ഓളം പക്ഷികളെ കാട്ടാമ്പള്ളയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കാട്ടാമ്പള്ളി പോലുള്ള നീർത്തടങ്ങളുടെ ജൈവികമായ പരിസ്ഥിതി പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.