പിതാവ് ആത്മഹത്യചെയ്ത കേസിൽ പ്രതിയായ മകൻ കീഴടങ്ങി
text_fieldsകണ്ണപുരം: പിതാവ് ആത്മഹത്യചെയ്ത കേസിൽ പ്രതിയായ മകൻ മാസങ്ങള്‍ക്ക് ശേഷം കോടതിയിൽ കീഴടങ്ങി. കണ്ണപുരം ആയിരംതെങ്ങിലെ രാമചന്ദ്രൻ (48) ആണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. രാമചന്ദ്രന്റെ പിതാവ് സുന്ദരൻ നമ്പ്യാർ (79) 2021 ഏപ്രിൽ 13നാണ് ഞരമ്പ് മുറിച്ച് ജീവനൊടുക്കിയത്.
അസ്വാഭാവികമരണത്തിന് കേസെടുത്ത കണ്ണപുരം പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് മകന്റെയും മകന്റെ ഭാര്യയുടെയും മാനസികപീഡനമാണ് സുന്ദരൻ നമ്പ്യാർ ജീവനൊടുക്കാനിടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് ഇവരെ പ്രതിചേർക്കുകയായിരുന്നു. രാമചന്ദ്രന്റെ ഭാര്യ മുൻകൂർജാമ്യം നേടി. നാട്ടിൽനിന്ന് മുങ്ങിയ രാമചന്ദ്രൻ കഴിഞ്ഞ ദിവസം നാട്ടിലെത്തി കോടതിയിൽ കീഴടങ്ങുകയായിരുന്നു എന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.
സുന്ദരൻ നമ്പ്യാരെ ഡോക്ടർ പരിശോധിക്കുമ്പോൾ കീശയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ മകനും മരുമകളുമാണ് മരണത്തിന് കാരണക്കാരെന്ന് സൂചിപ്പിച്ചിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ മുറിയിലെ ചുമരിലും ആത്മഹത്യാക്കുറിപ്പിലെ സൂചനകൾ എഴുതിയിട്ടുണ്ടായിരുന്നു.
മകൻ വാങ്ങിയ വീടിൽ അച്ഛന്റെ അവകാശം സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. സുന്ദരൻ നമ്പ്യാർ പലതവണ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിന് തലേദിവസവും ഇദ്ദേഹം കണ്ണപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് വീട്ടിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.