കേരളത്തിലെ മതസൗഹാർദാന്തരീക്ഷം നിലനിർത്താനാകണം -മന്ത്രി റിയാസ്
text_fieldsകണ്ണൂർ: കേരളത്തിലെ മതസൗഹാർദാന്തരീക്ഷം നിലനിർത്താൻ സാധിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീ ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തി ഓൺലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2022ൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിൽ റെക്കോർഡ് വർധനവുണ്ടായി. ഈ വർഷം ആ റെക്കോർഡ് മറികടക്കുകയാണ് ലക്ഷ്യം.
ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങൾ, പ്രകൃതി സൗന്ദര്യം, ജനങ്ങളുടെ സവിശേഷ പെരുമാറ്റം തുടങ്ങിയവയാണ് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. ഇതു നിലനിർത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ മോഹനൻ വിശിഷ്ടാതിയായി.
1.43 കോടി രൂപ ചെലവഴിച്ച് ക്ഷേത്രക്കുളം, കുളിപ്പുര എന്നിവയുടെ സംരക്ഷണ പ്രവൃത്തികളും കല്ല് പതിക്കല്‍, നടപ്പന്തൽ, ലാൻഡ് സ്കേപ്പിങ്, മ്യൂറൽ പെയിന്റിങ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികളുമാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. മുഴുവൻ പ്രവൃത്തികളും ഒമ്പതുമാസത്തിനകം പൂർത്തിയാക്കും. മലബാർ മേഖലയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് തലശ്ശേരി പൈതൃകം പദ്ധതി നടപ്പാക്കുന്നത്. കെ.ഐ.ഐ.ഡി.സി കണ്ണൂർ ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.ടി ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ കെ.വി. സവിത, മലബാർ ദേവസ്വം ബോർഡ് കമീഷണർ പി. നന്ദകുമാർ, ടി.കെ. സുധി, അജോയ് കുമാർ, മൃദുല രമേഷ്, സി.വി. ദാമോദരൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.