കുട്ടിക്കുറുമ്പനാനയും പൂച്ചക്കുഞ്ഞും കഥപറയാൻ ക്ലാസിലെത്തും
text_fieldsഓഗ്മെൻറഡ് റിയാലിറ്റിയിലൂടെ കുട്ടികൾക്ക് കൗതുകം പകർന്ന് ധർമടം കോറണേഷൻ സ്കൂൾ
കണ്ണൂർ: പാഠപുസ്തകത്തിലെ കുട്ടിക്കുറുമ്പൻ ആനയും പൂച്ചക്കുഞ്ഞും കടുവയുമെല്ലാം ഓൺലൈൻ ക്ലാസിൽ കൂട്ടുകൂടാനെത്തും. പഴങ്ങളും പച്ചക്കറികളും തുടങ്ങി അക്ഷരങ്ങളും അക്കങ്ങളും വരെ മിന്നിമാഞ്ഞുപോകും. മടുപ്പില്ലാതെ കൗതുകം നിലനിർത്തി പാഠഭാഗങ്ങൾ കുട്ടികളിലെത്തിച്ച് മാതൃകയാവുകയാണ് ധർമടം കോറണേഷൻ ബേസിക് യു.പി സ്കൂൾ. ഓഗ്മെൻറഡ് റിയാലിറ്റിയിലൂടെ പൂർണമായും സാങ്കൽപികമായ അനുഭവമാണ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസിലൂടെ നൽകുന്നത്.
അധ്യാപകരുടെ ഓൺലൈൻ വിഡിയോ ക്ലാസിൽ പഠിപ്പിക്കുന്ന ആശയത്തിലെ വസ്തുക്കളും ജീവജാലങ്ങളും കുട്ടികൾക്ക് മുന്നിൽ സ്ക്രീനിൽ കാണാൻ സാധിക്കും. അങ്ങനെ ഭാവനയിലൂടെ മാത്രമല്ലാതെ സ്ക്രീനിൽ അവ കാണാനും ആശയം എളുപ്പത്തിൽ മനസ്സിലാക്കാനും കുട്ടികൾക്ക് സാധിക്കുന്നു.
കുട്ടികൾക്ക് പഠനത്തിൽ ഉണ്ടാകുന്ന വിരസത ഇല്ലാതാക്കാനും കൗതുകം സൃഷ്ടിക്കാനും സാധിക്കുന്നതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ഓൺലൈൻ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും മികച്ച ഓൺലൈൻ അധ്യയനം നൽകാൻ ശ്രമിച്ചതിെൻറയും ഫലമായി കഴിഞ്ഞ വർഷത്തെ മികവ് പുരസ്കാരം വിദ്യാലയത്തിന് ലഭിച്ചിരുന്നു. സ്കൂളിൽ പ്രത്യേകം ഒരുക്കിയ സ്റ്റുഡിയോയിലാണ് ക്ലാസുകൾ ചിത്രീകരിക്കുന്നത്.
മൊബൈൽ ഫോൺ, മൈക്ക്, ഗ്രീൻ സ്ക്രീൻ എന്നിവ ഉപയോഗിച്ചാണ് ക്ലാസുകൾ ഷൂട്ട് ചെയ്യുന്നത്. അധ്യാപകരായ എം.പി. ഹഗിൽ, എം.പി. ശ്രാവൺ എന്നിവരുടെ നേതൃത്വത്തിലാണ് ഷൂട്ടിങ്ങും എഡിറ്റിങ്ങും. ക്ലാസുകൾ സമഗ്ര ശിക്ഷ കേരളം- ജില്ല പ്രോജക്ട് കോഓഡിനേറ്റർ ടി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക യു.ഡി. പ്രവീണ, കെ.കെ. സൗമ്യ, സി.എച്ച്. പ്രജിഷ, സി. പ്രമീള, കെ.എം. ബീന, സി. ശിവപ്രിയ, ടി.സി. ശിൽപ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.