തോണി ഒഴുക്കിൽപെട്ടു; രക്ഷകരായത് മൂവർസംഘം
text_fieldsപാനൂർ: ഇരിങ്ങണ്ണൂരിൽനിന്ന് കടവത്തൂരിലേക്ക് വരുകയായിരുന്ന തോണി കല്ലാച്ചേരി പുഴയിൽ ഒഴുക്കിൽപെട്ടു. പ്രദേശവാസികളുടെ സമയോചിത ഇടപെടലിൽ യാത്രക്കാരിയും കടത്തുകാരനും രക്ഷപ്പെട്ടു.ഇരിങ്ങണ്ണൂരിലെ സുബൈദ, തോണിക്കാരൻ ഇട്ടോളി രാജീവൻ എന്നിവരാണ് ചൊവ്വാഴ്ച രാവിലെ അപകടത്തിൽപെട്ടത്. രണ്ടുദിവസമായി പെയ്ത മഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട തോണി പുഴയുടെ താഴ്ഭാഗമായ മരംകുളം ഭാഗത്തേക്ക് ഒഴുകാൻ തുടങ്ങി.
യാത്രക്കാരിയും തോണിക്കാരനും സഹായം അഭ്യർഥിച്ച് വിളിക്കുന്നത് ശ്രദ്ധയിൽപെട്ട പുഴയുടെ ഇക്കരെയുണ്ടായിരുന്ന കണ്ണോളിൽ മുഹമ്മദ്, മാപ്പള്ളി ഇസ്മായിൽ, കാട്ടിൽ മുഹമ്മദ് എന്നിവരുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഇക്കരെനിന്ന് മറ്റൊരു തോണിയുമെടുത്ത് ഒഴുക്കിനെ വകവെക്കാതെ മറുകരയിലെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.കടവത്തൂരിലെ ബന്ധുവീട്ടിൽ സന്ദർശത്തിന് വരുകയായിരുന്നു യാത്രക്കാരി.
കല്ലാച്ചേരി കടവിനൊരു പാലം എന്ന്?
പാനൂർ: കല്ലാച്ചേരി കടവിെൻറ പാലം സ്വപ്നത്തിന് പതിറ്റാണ്ടുകൾ സാക്ഷി. ജില്ലയിലെ കടവത്തൂരിനെയും കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരിനെയും ബന്ധിപ്പിക്കുന്ന കല്ലാച്ചേരി കടവിന് കുറുകെ പാലം വന്നാൽ ഇരു ജില്ലകളും തമ്മിലുള്ള യാത്രാദൂരം ഏറെ കിലോമീറ്ററുകൾ കുറയും. മാഹി പുഴയിൽ അവശേഷിക്കുന്ന രണ്ട് കടവുകളിൽ ഒന്നാണിത്. ഇപ്പോഴും നാട്ടുകാർ ആശ്രയിക്കുന്നത് തോണിയാണ്.
കല്ലാച്ചേരി പുഴയിൽ തോണിവഴി കടവത്തൂരിലേക്ക് വരുകയായിരുന്ന യാത്രക്കാരിയും കടത്തുകാരനും ഒഴുക്കിൽപെട്ടത് പാലത്തിനായുള്ള ചർച്ച വീണ്ടും സജീവമാക്കി. പാലം നിർമിക്കുന്നതോടെ വടകര, നാദാപുരം ഭാഗങ്ങളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് വരുന്നവർക്കും എളുപ്പത്തിൽ എത്തിച്ചേരാനാവും. എടച്ചേരി, തൂണേരി, തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലുള്ളവർക്കും ഉപകാരമാകും. ഇരിങ്ങണ്ണൂർ ഹൈസ്കൂളിലേക്ക് വിദ്യാർഥികൾക്ക് എളുപ്പത്തിൽ എത്താനും സാധിക്കും.കഴിഞ്ഞ ബജറ്റിൽ പാലത്തിനായി ഒമ്പത് കോടി അനുവദിച്ചെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം നൽകുന്നതിൽ ചിലരുടെ എതിർപ്പാണ് പദ്ധതിക്ക് തടസ്സമായത്. ഇരിങ്ങണ്ണൂരിൽ അനുബന്ധ റോഡിെൻറ പ്രവൃത്തി ഏറക്കുറെ പൂർത്തിയായിട്ടുണ്ട്.
മുമ്പ് മലവെള്ളപ്പാച്ചിലിൽ തോണി മറിഞ്ഞ് കടവത്തൂർ എൻ.ഐ.എ കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. സമീപത്തെ ചേടിയാലക്കടവ് പാലത്തിെൻറ പണി നിർത്തിവെച്ചിരിക്കുകയാണ്. റോഡിനായി സ്ഥലമേറ്റെടുത്തെങ്കിലും നിർമാണം നിലച്ചു. പൊട്ടിപ്പൊളിഞ്ഞ കമ്പിപ്പാലത്തിലൂടെയാണ് വിദ്യാർഥികളടക്കം ഇതുവഴി പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.