കെട്ടിടം അപകടാവസ്ഥയിൽ; മാവേലി സ്റ്റോർ അടച്ചുപൂട്ടി
text_fieldsവളപട്ടണം: വളപട്ടണം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കാലപ്പഴക്കത്താൽ തകർന്നുവീഴുന്ന അവസ്ഥയിലായി. ഇതോടെ ഇവിടെ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ അടക്കം അടച്ചുപൂട്ടി. മറ്റൊരു കെട്ടിടം ലഭിക്കാത്ത സാഹചര്യത്തിലാണ് മാവേലി സ്റ്റോർ അടച്ചുപൂട്ടിയത്.
2001 മുതൽ കെട്ടിടത്തിലെ കടമുറികൾ ഉപയോഗിച്ചുവരുന്ന കൈവശക്കാർ കെട്ടിടം അപകടത്തിലാണെന്നും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമായി കച്ചവടം നടത്താൻ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോൾ ഒന്നാം നിലയിലേക്ക് കയറുന്ന കോണിപ്പടിയുടെ ഭാഗമാണ് തകർന്നത്. കടകളുടെ ഉൾഭാഗം കോൺക്രീറ്റിന് ഉപയോഗിച്ച കമ്പി മുഴുവൻ കാണാവുന്ന രൂപത്തിൽ സിമന്റ് പാളികൾ അടർന്നുവീണ നിലയിലാണ്.
ജീവൻ പണയം വെച്ചാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. പഞ്ചായത്ത് ഉടൻ നടപടിയെടുത്തില്ലെങ്കിൽ വൻ ദുരന്തത്തിന് കാരണമാകും. എന്നാൽ, സാകേതിക നടപടിക്രമത്തിലൂടെ മാത്രമേ അറ്റകുറ്റപ്പണി നടത്താൻ സാധിക്കുകയുള്ളൂവെന്നും പ്രശ്നം ചർച്ച ചെയ്യുമെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.