ബസ് മുതലാളിയെന്നത് 'പേര്' മാത്രമായി; ഈ പോക്കിൽ ഡെബ്ൾ ബെൽ നിലക്കും..
text_fieldsകണ്ണൂർ: സ്വന്തമായി ബസ് ഉള്ളവരെല്ലാം മുൻകാലങ്ങളിൽ ബസ് മുതലാളിമാരായിരുന്നു. എന്നാൽ, കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ നല്ലൊരു വിഭാഗം ബസ് ഉടമകൾക്കും ബസ് മുതലാളിയെന്നത് 'പേര്' മാത്രമായി. ബസ് കട്ടപ്പുറത്തും, ഓടുന്നവയാണെങ്കിൽ വരുമാനത്തിൽ പിന്നാക്കവും ആയതോടെ പല 'മുതലാളി'മാരും മറ്റ് മേഖല തേടി പോയി.
ചില ബസ് മുതലാളിമാർ അങ്ങനെ മറ്റുമേഖലകളിൽ വെറും തൊഴിലാളിയായി മാറിയതായും കണ്ണൂർ ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻസ് കോഓഡിനേറ്റിങ് കമ്മിറ്റി വൈസ് ചെയർമാൻ രാജ്കുമാർ കരുവാരത്ത് പറയുേമ്പാൾ അതിൽ അതിശയോക്തിയില്ല. കോവിഡ് മഹാമാരി ബസ് വ്യവസായത്തിെൻറ നടുവൊടിച്ചിരിക്കുകയാണെന്നതാണ് വസ്തുത.
കോവിഡ് മാത്രമല്ല ബസ് വ്യവസായത്തെ തകർക്കുന്നത്. ഡീസലിെൻറ അമിതമായ വിലക്കയറ്റവും സ്പെയർ പാർട്സ്, ടയർ എന്നിവയുടെ വിലവർധനവും ബസ് വ്യവസായത്തിെൻറ തകർച്ചക്ക് വേഗതയേറ്റുന്ന വില്ലന്മാരാണ്.
കോവിഡ് വ്യാപനത്തോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മിക്ക ബസുകളുടെയും സർവിസ് നിർത്തിവെക്കാനിടയാക്കിയിട്ടുണ്ട്. സർവിസ് നടത്തുന്ന ബസുകളുടെ വരുമാനം ഡീസൽ അടിക്കാനും തൊഴിലാളികൾക്ക് കൂലി കൊടുക്കാനും കഴിയാത്ത അവസ്ഥയിലുമാണ്. അനുദിനം ഭാരിച്ച കടബാധ്യതകളിലേക്ക് ബസുടമകളെ തള്ളിവിട്ടിരിക്കുകയാണ് കോവിഡും ഡീസലിെൻറ വിലക്കയറ്റവും.
ബസ് ഉടമകളുടെ സമരം ഇന്ന്
പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ കരകയറ്റാൻ ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ശനിയാഴ്ച ധർണ നടത്തും. രാവിലെ 10ന് ധർണ കേരള സ്റ്റേറ്റ് ബസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ധർണയിലും തുടർന്ന് ഒമ്പതിന് നടക്കുന്ന അനിശ്ചിതകാല ബസ് നിർത്തിവെക്കൽ സമരത്തിലും ജില്ലയിലെ മുഴുവൻ ബസ് ഉടമകളും പങ്കെടുക്കും. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ഈ മേഖലയെ സംരക്ഷിക്കാൻ തയാറാകാതെ വന്നാൽ ഇവിടത്തെ മണ്ണിൽനിന്ന് സ്വകാര്യ ബസുകൾ എന്നന്നേക്കുമായി അപ്രത്യക്ഷമാകാൻ ഇടയാകുമെന്നും ഭാരവാഹികൾ പറഞ്ഞു. രാജ്കുമാർ കരുവാരത്ത്, പി.പി. മോഹനൻ, കെ. വിജയൻ, പി.വി. പത്മനാഭൻ, കൊട്ടിയോടി വിശ്വനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
സംസ്ഥാനം നികുതി കുറക്കാത്തതിൽ പ്രതിഷേധം
ഡീസലിനും പെട്രോളിനും സംസ്ഥാനം ഈടാക്കുന്ന വാറ്റ് നികുതി കുറക്കില്ലെന്ന സർക്കാർ നിലപാടിൽ ജില്ല ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ ബോഡി ശക്തിയായി പ്രതിഷേധിച്ചു. സംസ്ഥാന ബസുടമ സംഘടനകളുടെ സംയുക്ത സമരസമിതി ഒമ്പത് മുതൽ നടത്തുന്ന അനിശ്ചിതകാല ബസ് സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ മുഴുവൻ ബസ് ഉടമകളും സർവിസ് നിർത്തിവെച്ച് സമരവുമായി സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. സി. മോഹനൻ, പി. അജിത്ത്, ഒ. പ്രദീപൻ, ടി. രാധാകൃഷ്ണൻ, കെ.സി. സോമനാഥൻ, കെ.വി. മോഹനൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
'ചാർജ് വർധിപ്പിക്കാതെ നിലനിൽപില്ല'
2018 മാർച്ചിൽ ബസ് ചാർജ് വർധിപ്പിക്കുേമ്പാൾ മിനിമം എട്ടുരൂപയായിരുന്നു ബസ് ചാർജ്. അന്ന് ഒരു ലിറ്റർ ഡീസലിന് 63 രൂപയിൽ താഴെയായിരുന്നു വില. അതാണ് ഇന്ന് താങ്ങാനാവാത്ത നിരക്കിലേക്ക് എത്തിനിൽക്കുന്നത്. 2018ൽ സർക്കാർ ചുമതലപ്പെടുത്തിയ രാമചന്ദ്രൻ കമീഷൻ വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്നും കൺസഷൻ 50 ശതമാനമാക്കി ഉയർത്തണമെന്നും റിപ്പോർട്ട് നൽകിയെങ്കിലും അത് പരിശോധിക്കുകയോ മറ്റ് നടപടി ക്രമങ്ങളോ സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പല ബസ് ഉടമകളും ആത്മഹത്യ ചെയ്യുകയും പലരും ആത്മഹത്യയുടെ വക്കിലുമാണെന്നും ഈ രംഗത്തുള്ളവർ പറയുന്നു. വിദ്യാർഥികളുടെ ബസ് ചാർജ് ഉൾപ്പെടെ നിരക്ക് വർധിപ്പിക്കുക, കോവിഡ് കാലത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെ റോഡ് ടാക്സ് പൂർണമായും ഒഴിവാക്കുക, കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ഡീസലിന് നികുതി ഒഴിവാക്കി സബ്സിഡി നിരക്കിൽ അനുവദിക്കുക തുടങ്ങിയവയാണ് ഉടമകൾ ഉയർത്തുന്ന ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.