ലീഗ് ഗ്രൂപ്പിസം വഴി സി.പി.എമ്മിന് വീണുകിട്ടിയ കേസ്
text_fieldsകണ്ണൂർ: മുസ്ലിം ലീഗിനകത്ത് എരിപിരികൊണ്ട വിവാദം എങ്ങുമെത്തില്ലെന്ന് കണ്ടതോടെ സി.പി.എമ്മിന് വീണുകിട്ടിയ കേസാണ് കെ.എം. ഷാജി പ്രതിയായ അഴീക്കോട്ടെ പ്ലസ് ടു കോഴ സംഭവം. പ്ലസ് ടു അനുവദിക്കാൻ അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കോഴവാങ്ങിയ സംഭവം പ്രാദേശിക ലീഗിലെ പടലപിണക്കങ്ങളുടെ തുടർച്ച കൂടിയാണ്. ഹൈകോടതിയിൽനിന്ന് താൽക്കാലിക ആശ്വാസം നേടിയെങ്കിലും കോഴ വിവാദം അഴീക്കോട്ടെ ലീഗിൽ നിലനിൽക്കും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാച്ച് കിട്ടിയാൽ 25 ലക്ഷം നൽകാമെന്നായിരുന്നു ധാരണ. 2014ൽ പ്ലസ് ടു ബാച്ച് കിട്ടിയപ്പോൾ പ്രതിഫലം തേടി പ്രാദേശിക നേതൃത്വം സ്കൂൾ അധികൃതരെ സമീപിച്ചു. എന്നാൽ, തുക കെ.എം. ഷാജി നേരിട്ട് കൈപ്പറ്റിയെന്നാണ് ആരോപണം.
വിഷയം അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറ പാർട്ടി നേതൃത്വത്തിന് പരാതിയായി നൽകി. അധികം വൈകാതെ പരാതിക്കാരൻ പാർട്ടിക്കു പുറത്തായി. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന് പറഞ്ഞ് കെ.എം. ഷാജി ഇയാൾക്കെതിരെ വളപട്ടണം പൊലീസിൽ പരാതിയും നൽകി.
പരാതിക്കാരന്റെ വാദം ശരിവെച്ച് അഴീക്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റി കൈക്കൊണ്ട നടപടിയും പരാതിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ലീഗിൽ പുകഞ്ഞ വിഷയം സി.പി.എമ്മുകാരനായ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ മുഖ്യമന്ത്രിക്ക് പരാതിയായി നൽകുന്നതാണ് പിന്നീട് കണ്ടത്.
ഈ പരാതിയിലാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതോടെ, അഴീക്കോട്ടെ ലീഗിൽ ഷാജി അനുകൂല ചേരിയും വിരുദ്ധ ചേരിയും ശക്തമായി.
കേസിൽ സ്കൂൾ മാനേജരെക്കൂടി പ്രതിചേർത്ത് നിർണായക നീക്കവുമായി വിജിലൻസ് മുന്നോട്ടുപോവുന്നതിനിടെയാണ് എഫ്.ഐ.ആർ ഹൈകോടതി ഇപ്പോൾ റദ്ദാക്കിയത്. കേസിൽ ഷാജിക്കെതിരെ ഏതാനും സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുകയും അക്കാലയളവിൽ കോഴ നൽകി നിയമനം നൽകിയ അധ്യാപകരെ കൂടി പ്രതിയാക്കാനുള്ള നീക്കത്തിനുമിടെയാണ് വിജിലൻസിന് ഹൈകോടതിയിൽനിന്നേറ്റ പ്രഹരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.