സർക്കസ് ഇതിഹാസം തമ്പൊഴിഞ്ഞു
text_fieldsകണ്ണൂർ: പതിറ്റാണ്ടുകളായി സർക്കസ് പ്രേമികളുടെ മനസിൽ തമ്പടിച്ച ജെമിനി ശങ്കരൻ എന്ന ഇതിഹാസം തമ്പൊഴിഞ്ഞു. സർക്കസ് കൂടാരങ്ങളിലെ മീനാറുകളിൽ പാറിപ്പറക്കുന്ന കൊടിക്കൂറ കണക്കെ കാണികളെ അസ്ഥിരപ്പെടുത്തികൊണ്ടാണ് ജെമിനി ശങ്കരൻ മടങ്ങുന്നത്.
സർക്കസിെൻറ കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ ശിഷ്യനായാണ് 1930 കളിൽ സർക്കസിലെത്തുന്നത്. സർക്കസ് പഠിക്കണമെന്ന മകന്റെ മോഹം മനസിലാക്കിയ അച്ഛൻ കവളശ്ശേരി രാമൻ പത്താം വയസിൽ ശങ്കരനെ കീലേരിയുടെ കളരിയിൽ എത്തിക്കുകയായിരുന്നു. സർക്കസ് തലക്ക് പിടിച്ചതിന് പിന്നിൽ മറ്റൊരു കഥയുണ്ട്.
കൊളശ്ശേരി മൈതാനത്ത് തമ്പടിച്ച ഒറ്റതമ്പിലെ ചെറിയ സർക്കസ് കാണാൻ വീട്ടുകാരറിയാതെ എത്തിയ കുഞ്ഞു ശങ്കരനെ ടിക്കറ്റില്ലാത്തതിനാൽ സംഘാടകർ പുറത്താക്കി.
സംഭവം വീട്ടിലറിഞ്ഞപ്പോൾ ബഹളമായി. വഴക്കിനൊടുവിൽ ടിക്കറ്റെടുക്കാനുള്ള കാശും കൂടെപോന്നു. ആദ്യമായി കാണുന്നത് തലശ്ശേരിക്കാരുടെ മെട്രോ സർക്കസാണ്. സിംഗിൾ ട്രപ്പീസും കത്തിയേറും ശ്വാസംപിടിച്ചു കണ്ടുതീർത്തതോടെ
എങ്ങനെയെങ്കിലും ഇത് പഠിച്ചെടുക്കണമെന്നായി മോഹം. അങ്ങനെയാണ് സർക്കസ് ഗുരു കീലേരിക്ക് ശിഷ്യപ്പെടുന്നത്. തലശ്ശേരി
ചിറക്കരയിലെ വീട്ടിൽ ആറുമാസക്കാലം പരിശീലനം. ബാലൻസിങ്, മലക്കംമറിയൽ എന്നിവയിൽ ബാലപാഠം. കൊളശ്ശേരിയിൽനിന്ന് ചിറക്കരയിലെ കീലേരിയുടെ വീടുവരെ നടന്നാണ് എത്തുക. അൽപം മെയ്വഴക്കമായതോടെ കളരിയിലേക്ക് മാറി. 14 വയസുവരെ അവിടെ തുടർന്നു. ഹൊറിസോൻറൽ ബാർ അടക്കം പരിശീലിച്ചു.
ചേട്ടൻ നാരായണൻ പട്ടാളത്തിൽ ചേരാൻ പോയതിനെ തുടർന്ന് അദ്ദേഹം നടത്തിയിരുന്ന കട അച്ഛെൻറ നിർദേശ പ്രകാരം ഏറ്റെടുക്കേണ്ടി വന്നതോടെ സർക്കസിന് ഇടവേള. രണ്ടാംലോക മഹായുദ്ധക്കാലത്ത് കണ്ണൂർ ഡിഫൻസ് മൈതാനത്തിൽ ആർമി റിക്രൂട്ട്മെൻ്റ് വഴി പട്ടാളത്തിലും ചേർന്നു. മദ്രാസ് റജിമെൻറിൽ വയർലസ് ഒബ്്സർവറായി ചേർന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം പട്ടാളത്തിൽ തുടരുന്നുവോ എന്ന ചോദ്യത്തിന് ഉത്തരത്തെ കുറിച്ച് ആലോചിച്ചതുതന്നെ തലശ്ശേരിയിൽ കൽക്കരിത്തീവണ്ടിയിറങ്ങിയതിന് ശേഷമായിരുന്നു. പിന്നീട് കീലേരിയുടെ ശിഷ്യൻ രാമെൻറ കളരിയിൽ. ശേഷം കൽക്കത്തയിലേക്ക്.
സർക്കസുകാരെ ഏറെ ആരാധിക്കുന്ന കൽക്കത്ത നഗരത്തിലേക്കാണ് ശങ്കരൻ എന്ന ബാർ പ്ലയർ എത്തുന്നത്. ബോസ് ലയൺ സർക്കസിൽ ഹൊറിസോൻറൽ ബാർ പ്ലയറായി തുടക്കം. അന്ന് കൽക്കത്തയിൽ ബാർ പ്ലയർമാർ അധികമില്ല. ഒരുവർഷം ബോസ് ലയണിൽ.
പിന്നീട് തലശ്ശേരി സ്വദേശിയായ റയമണ്ട് ഗോപാലെൻറ റയമണ്ട് സർക്കസിൽ ഒന്നരക്കൊല്ലം. ശങ്കരന്റെ പ്രകടനത്തിൽ ഹൈക്ലാസ് ടിക്കറ്റുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽവിറ്റുപോകും. ആൾക്കൂട്ടത്തെ പൊലീസിനുപോലും നിയന്ത്രിക്കാനാവില്ല.
ഒരു സർക്കസ് വിൽക്കാനുണ്ട്... വാങ്ങിക്കുന്നോ? ഈ രണ്ടു വാക്കുകളിലുടെ സ്നേഹിതൻ കുഞ്ഞിക്കണ്ണൻ സ്വന്തമായൊരു സർക്കസ് എന്ന മോഹത്തിന് തമ്പിടുകയായിരുന്നു. അങ്ങനെ ഏറെ തീവണ്ടിദൂരം അകലെയുള്ള പൂനൈയിലെത്തി.
കുഞ്ഞിക്കണ്ണൻ അവിടെ മാനേജറായി ജോലിചെയ്യുന്നുണ്ട്. സർക്കസ് പോയിനോക്കിയപ്പോൾ ഇപ്പോൾ വിൽപനയില്ലെന്ന് മഹാരാഷ്ട്രക്കാരനായ ഉടമ മാമുവിെൻറ മറുപടി. ഒരാനയും രണ്ട് സിംഹവും മാത്രമുള്ള തമ്പുകളെല്ലാം കീറി നശിച്ച ശോഷിച്ച സർക്കസുമായി അധികകാലം അയാൾക്ക് പോകാനായില്ല.
വിൽപനക്ക് തയ്യാറെന്നറിയിച്ചുകൊണ്ട് ടെലഗ്രാം സന്ദേശമെത്തി. അങ്ങനെ ആറായിരം രൂപക്ക് കച്ചവടമുറപ്പിച്ചു. 3000 രൂപ റൊക്കം നൽകി. ബാക്കി പണം ഒരുവർഷത്തിനിടയിലും. നാഷണൽ സർക്കസിൽ മാനേജറായി ജോലിചെയ്ത സുഹൃത്ത് സഹദേവനും പങ്കാളിയായി.
പുതിയ തമ്പ്, മികച്ച കളിക്കാർ... ആകെ നവീകരണം. 1951 ആഗസ്റ്റ് 15ന് സ്വതന്ത്ര സർക്കസ് സംരംഭം പിറന്നു. ജെമിനി സർക്കസ്... സൂറത്തിനും ബറോഡക്കും ഇടയിൽ ബില്ലിമോറയിൽ ആദ്യഷോ. നിറയെ കാണികളുമായി ജെമിനി ശങ്കരൻ എന്ന എക്കാലത്തെയും വലിയ ഷോമാനും അവിടെ പിറന്നു.
തെൻറ നക്ഷത്രത്തെ അനുസ്മരിച്ചാണ് സർക്കസിന് ജെമിനിയെന്ന പേര് നൽകിയത്. അഞ്ച് വർഷം കഴിഞ്ഞപ്പോൾ ബംഗാളിയായ ഉടമയിൽനിന്ന് ജംബോ സർക്കസ് വാങ്ങിച്ചു. ഒരു ഗാന്ധിജയന്തി ദിനത്തിൽ പാറ്റ്നക്കടുത്ത് ദനാപൂരിൽ ആദ്യ കളി. ജെമിനിയെ പോലെ ജംബോയും വലിയ സർക്കസായി.
യാത്രകളിലെല്ലാം ശങ്കരൻ എന്ന പരിഷ്കാരി സർക്കസിനായി പുതിയ ആശയങ്ങൾ തിരഞ്ഞു. 1957-ൽ ജെമിനിയിലാണ് ആദ്യമായി ജീപ്പ് ജമ്പിങ് വിജയകരമായി പരീക്ഷിച്ചത്. കറങ്ങുന്ന ഗ്ലോബിനകത്ത് ഒന്നിലേറെ മോട്ടോർ സൈക്കിളുകളുടെ ഇരമ്പക്കം കേട്ടതും ഇവിടെതന്നെ.
18 ആന, 40 സിംഹം, 15 നരി, കരടി, ഉറാ-ങ്കുട്ടാൻ, ഗൊറില്ല തുടങ്ങി കുറുക്കൻവരെ നീണ്ട മൃഗങ്ങുടെ നിര അന്ന് സർക്കസിലുണ്ടായിരുന്നു.
സർക്കസ് കളിക്കാരുമായും ജോലിക്കാരുമായും വലുപ്പച്ചെറുപ്പമില്ലാതെ ബന്ധമായിരുന്നു ശങ്കരേട്ടനെന്ന മനുഷ്യ സ്നേഹിക്ക്. സർക്കസിൽ മൃഗങ്ങൾക്ക് നിയന്ത്രണം വന്നതോടെ വയനാട്ടിൽ അവർക്കായി പ്രത്യേകം വാസസ്ഥലമൊരുക്കിയാണ് സംരക്ഷിച്ചത്. പിന്നീടിവയെ വനം വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.