തീരദേശ സ്വപ്നപാതക്ക് വേഗം കൂടുന്നു
text_fieldsകണ്ണൂർ: കടലോര മേഖലയിലെ സ്വപ്ന പദ്ധതിയായ തീരദേശ ഹൈവേയുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി അധികൃതർ. ഹൈവേക്കായുള്ള ഭൂമി ഏറ്റെടുക്കലിന്റെ സാമൂഹിക പ്രത്യാഘാത പഠനത്തിനായുള്ള പൊതുതെളിവെടുപ്പ് ജില്ലയിൽ തുടങ്ങി.
ധർമടം മണ്ഡലത്തിലെ ധർമടം പാലം മുതൽ എടക്കാട് വരെയുള്ള ഭാഗത്തുള്ള നിർമാണത്തിനായി അടയാളപ്പെടുത്തിയിരിക്കുന്ന ധർമടം, മുഴപ്പിലങ്ങാട് വില്ലേജുകളിലെ ഭൂവടമുകളുടെ യോഗമാണ് തിങ്കളാഴ്ച നടന്നത്. പദ്ധതി ബാധിതർ സംശയങ്ങളും ആശങ്കകളും തെളിവെടുപ്പിൽ പങ്കുവെക്കുന്നുണ്ട്.
ഇതിനുശേഷമായിരിക്കും നഷ്ടപരിഹാരം, പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുക. ജില്ലയിൽ 64.5 കിലോമീറ്റർ ദൂരത്തിലാണു തീരദേശ ഹൈവേ കടുന്നുപോകുന്നത്. മാഹിപാലം-മുഴപ്പിലങ്ങാട്-മുഴപ്പിലങ്ങാട് ബീച്ച്- എടക്കാട്-കുറുവ-പ്രഭാത് ജങ്ഷൻ-നീർക്കടവ് ചാൽ-അഴീക്കൽ-മാട്ടൂൽ സൗത്ത്-പുതുവളപ്പ്-പാലക്കോട്-രണ്ടു തെങ്ങ്-വലിയപറമ്പ് ബീച്ച്-രാമന്തളി വഴിയാണു പാത.
തലശ്ശേരി, ധർമടം, കണ്ണൂർ, അഴീക്കോട്, കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണിവ. പാലക്കോട് മുതൽ കുന്നുരു സിറ്റി വരെയുള്ള 4.67 കിലോമീറ്റർ റീച്ചിന് 34.17 കോടി രൂപയുടെ സാമ്പത്തിക അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇവിടെ സ്ഥലമേറ്റെടുക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്.
34.80 കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. 46.5 കീലോമീറ്റർ ഭാഗത്ത് കല്ലിടൽ പൂർത്തിയാവുകയാണ്. ബാക്കി 19 കിലോമീറ്റർ ദൂരത്തിൽ കല്ലിടൽ പ്രവൃത്തി എൽ.എ പ്ലാൻ നാറ്റ്പാകിന്റെ കീഴിൽ പുരോഗമിക്കുകയാണ്.
ഒരു വശത്ത് രണ്ടര മീറ്ററിൽ സൈക്കിൾ ട്രാക്ക്, ഏഴു മീറ്ററിൽ വാഹനപാത, നടപ്പാത, ബസ് ബേകൾ ഉൾപ്പടെയാണ് ഹൈവേ വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവൃത്തിയുടെ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.