ഭൂതത്താൻ കുന്നിന്റെ സുരക്ഷാഭിത്തി നിർമാണം പുനരാരംഭിച്ചു
text_fieldsഎടക്കാട്: ഭൂതത്താൻ കുന്നിന്റെ സുരക്ഷാഭിത്തി നിർമാണം പുനരാരംഭിച്ചു. കനത്ത മഴമൂലം ദിവസങ്ങളായി തുടരുന്ന മണ്ണിടിച്ചിൽ കാരണം കുന്നിനോട് ചേർന്ന സർവിസ് റോഡുവഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
കണ്ണൂരിൽനിന്നു തലശ്ശേരിയിലേക്ക് പോകുന്ന കിഴക്ക് ഭാഗം സർവിസ് റോഡിലാണ് കുന്നിടിച്ചിൽ ഭീഷണിയെ തുടർന്ന് ഗതാഗതം നിരോധിച്ചത്. കുന്നിന്റെ ഏതാനും ഭാഗങ്ങൾ ഇടിച്ചുനിരത്തി 100 മീറ്ററിലധികം നീളത്തിൽ ആഴത്തിൽ കുഴിയെടുത്ത് സുരക്ഷാഭിത്തി കെട്ടിയത് പാതിവഴിക്ക് നിർത്തിവെച്ചതാണ് ദുരിതത്തിന് കാരണമായത്.
കോൺക്രീറ്റിന്റെ കമ്പി കെട്ടൽ പണി പൂർത്തിയാക്കാത്തതിനാൽ കുന്നിൽനിന്ന് മണ്ണിറങ്ങി ഭിത്തിയിലും ബാക്കിവന്ന കമ്പിക്ക് മുകളിലും മണ്ണും ചളിയും അടിഞ്ഞുകൂടിയത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്ന പണികളാണ് രണ്ടു ദിവസമായി തുടരുന്നത്. ഇടക്കിടെ ഉണ്ടാവുന്ന മഴയും മണ്ണിടിച്ചിലും നിർമാണ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. എങ്കിലും കമ്പിക്കിടയിൽ കിടക്കുന്ന മണ്ണുകൾ നീക്കിക്കഴിഞ്ഞാൽ ഷട്ടറടിച്ച് ഉടനെ കോൺക്രീറ്റ് ചെയ്യുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. നിലവിൽ കമ്പി കെട്ടിയ ഭാഗമെങ്കിലും പണി പൂർത്തിയാക്കുക എന്നത് കടുത്ത വെല്ലുവിളിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ദിനേന കുന്നിൽനിന്ന് മണ്ണും ചളിയും റോഡിലേക്ക് ഒഴുകിവരുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ പണി പൂർത്തിയാവാതെ സർവിസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാനും കഴിയില്ല. ഇതിന്റെ തകർച്ചഭീഷണിയെ കുറിച്ച് മാധ്യമം നിരന്തരം വാർത്ത കൊടുത്തിരുന്നു. നിലവിൽ ഇതുവഴി കാൽനട ഉൾപ്പെടെ നിരോധിച്ചാണ് നിർമാണപ്രവർത്തനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.