തുരുത്തിയില്‍ തോട് പുനര്‍നിര്‍മാണം തുടങ്ങി
text_fieldsപാപ്പിനിശ്ശേരി തുരുത്തിയിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി മൂടിയ തോട് കഴിഞ്ഞദിവസം
തുറന്നനിലയിൽ
പാപ്പിനിശ്ശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മൂടിയ പാപ്പിനിശ്ശേരി പഞ്ചായത്തിലെ വേളാപുരം -തുരുത്തി തോട് പുനര്‍നിര്‍മാണ പ്രവൃത്തി തുടങ്ങി. പതിറ്റാണ്ടുകളായി സുഗമമായി നീരൊഴുകിയിരുന്ന തോട് മൂടിക്കൊണ്ട് നടത്തിയ ദേശീയപാത വികസനപ്രവൃത്തി വലിയ പ്രതിഷേധത്തിനും നിയമയുദ്ധത്തിനും ഒടുവിൽ അധികൃതർ ഉപേക്ഷിക്കുകയായിരുന്നു. ദേശീയപാത അധികൃതര്‍തന്നെ തോട് തുറന്നു കൊടുക്കാനുള്ള നടപടിയുടെ ഭാഗമായാണ് ദേശീയപാതക്ക് അകത്തുതന്നെ പുതിയ തോട് നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. തോട് മൂടിയതിനെതിരെ പഞ്ചായത്ത് ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതിതീരുമാനം വൈകിയാലും പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ഇത്തരം നടപടി ശാസ്ത്രീയമല്ലെന്നും കൂടുതൽ സ്ഥലം ഏറ്റെടുത്ത് മികച്ച രീതിയിലുള്ള തോട് നിർമിക്കുകയാണ് വേണ്ടതെന്നാണ് പഞ്ചായത്ത് അധികൃതർ കോടതിയെ വീണ്ടും ധരിപ്പിച്ചത്. ഇക്കാര്യം കോടതി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി.
അശാസ്ത്രീയമായ അലൈൻമെന്റ് പ്രകാരമാണ് പാപ്പിനിശ്ശേരി തുരുത്തിയിലെ ദേശീയപാതാ നിർമാണം നടക്കുന്നത്. ഇതിനിടെയാണ് കല്യാശ്ശേരി പഞ്ചായത്തിൽനിന്ന് തുടങ്ങി പമ്പാല- വേളാപുരം-തുരുത്തി വഴി വളപട്ടണം പുഴയിൽ ചേരുന്ന പ്രധാനതോട് മണ്ണിട്ടു മൂടിയത്. ഈ പ്രദേശത്ത്കൂടി തോട് ഒഴുകുന്നതായി ഡി.പി.ആറിൽ എവിടെയും രേഖപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് തോട് മൂടിയുള്ള നിർമാണം അധികൃതർ നടത്തിയത്. മഴക്കാലത്ത് പ്രദേശ ത്തുണ്ടാകുന്ന വെള്ളക്കെട്ട് മുന്നിൽകണ്ട് പ്രതിഷേധം ഉയർന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതർ ഹൈകോടതിയെ സമീപിച്ചു. തുടർന്നാണ് ദേശീയപാതാ അതോറിറ്റിക്കും സംസ്ഥാന സർക്കാറിന്റെ കീഴിൽ മേൽനോട്ട ചുമതലയുള്ള കലക്ടർ അടക്കമുള്ളവർക്കും കോടതി നോട്ടീസയച്ചത്. പിന്നാലെ ദേശീയപാത അധികൃതർ നേരിട്ടെത്തി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പാപ്പിനിശ്ശേരി പഞ്ചായത്തിന് ഉറപ്പ് നൽകിയിരുന്നു.
തോട് മൂടിയ 140 മീറ്റർ ഭാഗത്ത് പകരം നാലുവരിപ്പാത കടന്നുപോകുന്ന സ്ഥലത്തുകൂടി അതേനീളത്തിൽ രണ്ടര മീറ്ററോളം വീതിയിൽ കലുങ്ക് നിർമിച്ച് തോടിന്റെ ഒഴുക്ക് നിലനിർത്തി പ്രശ്നം പരിഹരിക്കുമെന്നാണ് ദേശീയപാത അധികൃതർ പഞ്ചായത്തിന് ഉറപ്പുനൽകിയിട്ടുള്ളത്. എന്നാൽ തോടിന്റെ സ്വാഭാവിക നീരൊഴുക്കിനായി പാതയുടെ അരികിൽക്കൂടി അധികസ്ഥലം ഏറ്റെടുത്ത് പുതിയ തോട് നിർമിക്കണമെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.