കുളമ്പുരോഗ പ്രതിരോധം വീട്ടിലെത്തി കുത്തിവെക്കും
text_fieldsകണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധത്തിനായി വാക്‌സിനേറ്റർമാർ വീടുകളിലെത്തി സൗജന്യമായി കുത്തിവെപ്പ് നടത്തും. നവംബർ 15 മുതൽ ഡിസംബർ എട്ട് വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിൽ നാലു മാസത്തിന് മുകളിൽ പ്രായമുള്ള മൃഗങ്ങൾക്കാണ് കുത്തിവെപ്പ്.
ജില്ലയിലെ 91,706 പശുക്കളെയും 2449 എരുമ, പോത്തുകളെയും കുത്തിവെപ്പിന് വിധേയമാക്കും. കുത്തിവെപ്പെടുത്താൽ പനി, പാൽ കുറയുക തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാവില്ല. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്.
ലൈസൻസുകൾ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിർബന്ധമാണ്. കുത്തിവെപ്പ് കാരണം അപകടങ്ങൾ സംഭവിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകും. കുത്തിവെപ്പിന് അനുവദിക്കാത്ത കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് കൈമാറും. 2030നകം ഇന്ത്യയെ കുളമ്പുരോഗ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പാൽ, മാംസം എന്നിവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. വാക്‌സിനേഷനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ജില്ലയിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.
മൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. കണ്ണൂരിൽ മേയർ ടി.ഒ. മോഹനൻ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പി. ഷാഹിദക്ക് വാക്‌സിൻ കിറ്റ് നൽകി ജില്ലതല ഉദ്ഘാടനം നിർവഹിച്ചു.
ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എസ്.ജെ. ലേഖ പദ്ധതി വിശദീകരിച്ചു.
എ.ഡി.സി.പി ജില്ല കോഓഡിനേറ്റർ ഡോ.എ. സീമ, ജില്ല വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ടി.വി. ജയമോഹൻ, മൃഗസംരക്ഷണ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബി. അജിത് ബാബു, ഡോ.എ.കെ. അബ്ദുൽ ഹക്കീം, ടി. രമേശൻ, ഡോ. ഒ.എം. അജിത, ഡോ. ആരമ്യ തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.