കൂട്ടക്കരച്ചിലും തീയും; നടുക്കം മാറാതെ നബീൽ
text_fieldsകണ്ണൂർ: ആദ്യം കേട്ടത് കൂട്ട കരച്ചിലായിരുന്നു. ഓടിയെത്തിയപ്പോൾ തീ വിഴുങ്ങുന്ന കാറും. ദുരന്തത്തിന് ദൃക്സാക്ഷിയായ നബീലിന് സംഭവം വിവരിക്കുമ്പോൾ നടുക്കം വിട്ടുമാറിയിരുന്നില്ല. കണ്ണുർ സിറ്റിയിലുള്ള വീട്ടിൽനിന്ന് ടൗണിലേക്ക് നടന്നുവരുമ്പോഴായിരുന്നു നബീൽ ജില്ല ആശുപത്രിക്ക് സമീപം കാർ കത്തിയമരുന്നത് കണ്ടത്. ഉടൻ ഓടിക്കൂടിയവർക്കൊപ്പം കാറിന്റെ മുൻവാതിൽ തുറക്കാൻ ശ്രമിച്ചു.
കനത്ത ചൂട് കാരണം ശ്രമം വിഫലമായി. മുൻഗ്ലാസ് കല്ലുകൊണ്ട് തകർത്ത് അകത്തുകുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴേക്കും നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. കത്തുന്ന കാറിനുള്ളിൽനിന്ന് രക്ഷിക്കണേയെന്ന കൂട്ടക്കരച്ചിൽ ഉയർന്നതോടെ കൂടിനിന്നവർക്കെല്ലാം നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇതിനിടെ കൂടിനിന്നവരിൽ ഓരാൾ ഓടിച്ചെന്നാണ് 100 മീറ്റർ അകലെയുള്ള അഗ്നിരക്ഷ ഓഫിസിലെത്തി വിവരം അറിയിച്ചത്. അഗ്നിരക്ഷസേനയെത്തി തീ അണക്കുമ്പോഴേക്കും രണ്ടുപേരും വെന്തുമരിച്ചിരുന്നു. തുടർന്ന് മൃതദേഹങ്ങൾ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.