പതിറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ സംരക്ഷണ ഭിത്തി പുതുക്കിപ്പണിയുന്നു
text_fieldsവളപട്ടണം: ദേശീയ പാതയിൽ വളപട്ടണം പാലത്തിനും പഴയ ടോൾ ഗേറ്റിനും ഇടയിൽ നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച കരിങ്കൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താൻ തുടങ്ങി. പരിസ്ഥിതിവാദികളുടെയും മറ്റും പരാതിയെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്. ദേശീയ പാത ആറുവരിയാക്കുന്ന കരാറുകാരായ വിശ്വാസമുദ്രയുടെ നേതൃത്വത്തിൽ തകർന്ന ഭാഗം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
ദേശീയപാതയുടെ നിർമാണം നടക്കുന്നതു മുതല് പൂർത്തിയാകുന്നതുവരെ റോഡും അനുബന്ധ സൗകര്യങ്ങളും വിട്ടുകൊടുക്കണമെന്ന കരാറുണ്ടായിരുന്നു. പുതിയ ദേശീയ പാതയുടെ പ്രവൃത്തി പൂർത്തീകരിച്ച് കൈമാറുന്നതുവരെ റോഡുകളിലെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതലയും കരാറുകാർക്കാണ്. നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച സംരക്ഷണ ഭിത്തി അതീവ ജീർണാവസ്ഥയിലായിരുന്നു.
നിലവിൽ കുന്നിന്റെ അടിഭാഗത്ത് ഉറപ്പില്ലാത്ത മണ്ണായതിനാൽ നിർമാണ ഘട്ടത്തിലും റോഡ് ഇരുഭാഗത്ത് നിന്നും മഴക്കാലത്തും ഇടിയുന്ന അവസ്ഥയുണ്ടായി. ഇതിന് പരിഹാരമായാണ് കുന്നിടിയുന്ന ഭാഗം സംരക്ഷിക്കാൻ കരിങ്കല്ല് കൊണ്ട് പ്രത്യേക രീതിയിൽസംരക്ഷണ ഭിത്തി നിർമിച്ചത്. നിർമിച്ച ഭിത്തിക്ക് ആവരണമായി ഇരുമ്പ് വലയും സ്ഥാപിച്ചിരുന്നു.
എന്നാൽ ആ വലകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തുരുമ്പെടുത്ത് നശിച്ചിരുന്നു. തുടർന്ന് പല ഭാഗത്ത് നിന്നും സംരക്ഷണ ഭിത്തി ഇടിഞ്ഞ് വാഹന ഗതാഗതത്തിന് പോലും തടസ്സമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ ദേശീയ പാതയുടെ കരാറുകാരുടെ നേതൃത്വത്തിൽ തന്നെ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ തീരുമാനിച്ചത്.
ചരിത്രസ്മാരകങ്ങൾക്കിടയിലെ കരിങ്കൽഭിത്തി
പതിനാലാം നൂറ്റാണ്ടുവരെ കോലത്തിരി രാജാക്കൻമാരുടെ മലബാറിലെ ആസ്ഥാനം ഏഴിമലയായിരുന്നു. വല്ലഭൻ രണ്ടാമനെന്ന കോലത്തിരി രാജാവ് വളപട്ടണം പുഴക്കരയിൽ ഒരു കോട്ട നിർമിച്ചതായാണ് ചരിത്രം. ആ പ്രദേശം കോട്ടക്കുന്ന് എന്നറിയപ്പെട്ടു.
1975-80 കാലഘട്ടത്തിൽ പുതിയ കണ്ണൂർ - തളിപ്പറമ്പ് ദേശീയ പാത 17ന്റെ നിർമാണത്തിന്റെ ഭാഗമായി വളപട്ടണം പാലവും അപ്രോച്ച് റോഡും നിർമിക്കാനായി ഈ പ്രദേശത്ത് നിലനിന്ന കോലത്തിരി രാജാവിന്റെ കളരി അഭ്യാസ പഠന കേന്ദ്രവും അനുബന്ധ കെട്ടിടങ്ങളും ചിറക്കൽ രാജകുടുംബത്തിന്റെ ശ്മശാന ഭൂമിയും സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുന്ന് നെടുകെ ഭാഗിച്ചു.
അതിൽ ഏതാണ്ട് 150ലധികം മീറ്റർ സ്ഥലത്ത് സംരക്ഷണ ഭിത്തിയും നിർമിച്ചു. കഴിഞ്ഞവർഷം നിര്യാതനായ ചിറക്കൽ രാജാവിനെ അടക്കം ചെയ്തതും ഈ കുന്നിൻ പ്രദേശത്താണ്. ഉയർന്ന മതിൽക്കെട്ടുകളും നിരീക്ഷണ ഗോപുരങ്ങളുമൊക്കെയായി ചരിത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ഇവിടം. ഒരുകാലത്ത് വളരെ സജീവമായിരുന്ന ഈ കോട്ടയുടെ അനുബന്ധ കെട്ടിടത്തിന്റെ സ്മാരകമായി ഇന്ന് അവശേഷിക്കുന്നത് കരിങ്കല്ലിൽ തീർത്ത ഒരു കട്ടിളയും വലിയ ഒരു കിണറും തകർന്നടിഞ്ഞ കുറെ കല്ലുകളും മാത്രമാണ്.
ഈ കോട്ടയിൽ കോലത്തിരി രാജാവും ഇംഗ്ലീഷ് സൈന്യവുമായി നിരവധി ഏറ്റുമുട്ടലുകൾ നടന്നതായും ചരിത്രകാരൻമാർ പറയുന്നു. എന്നാൽ ഇന്ന് ഇവിടെ അവശേഷിക്കുന്നവ സംരക്ഷിക്കുന്നതിനോ നിലനിർത്തുന്നതിനോ ചരിത്ര സ്നേഹികളോ പുരാവസ്തു വകുപ്പോ മുന്നോട്ടു വരുന്നില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.