ഡ്രൈവിങ് ടെസ്റ്റിന് മുടക്കംതന്നെ
text_fieldsകണ്ണൂർ: പരിഷ്കരിച്ച മോട്ടർ വാഹന ഡ്രൈവിങ് ടെസ്റ്റിനെതിരെ ജില്ലയിൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം തുടരുന്നു. സമരത്തിനിടെ കണ്ണൂർ തോട്ടടയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ സ്വന്തം വാഹനവുമായി റീടെസ്റ്റിനെത്തിയ കണ്ണൂർ സ്വദേശി വിജയിച്ചു.
രണ്ടാഴ്ചയോളമായ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ ജില്ലയിൽ ആദ്യമായാണ് ഒരാൾ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നത്. ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയതോടെ സമരം കടുത്തിരിക്കുകയാണ്.
നേരത്തെ തലശ്ശേരി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തിയും പയ്യന്നൂർ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിൽ കഞ്ഞിവെച്ചും ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചിരുന്നു. സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെ തളിപ്പറമ്പ് എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ ഇടപെട്ട് വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
പതിവുപോലെ ഡ്രൈവിങ് ടെസ്റ്റ് ദിനമായ തിങ്കളാഴ്ചയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്താനായി ഗ്രൗണ്ടുകളിൽ എത്തിയിരുന്നു. ഉദ്യോഗാർഥികൾ എത്താത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങിപ്പോവുകയാണ് പതിവ്. സമരത്തെ തുടർന്ന് വിദേശജോലി, പഠനം എന്നീ ആവശ്യങ്ങൾക്ക് അത്യാവശ്യമായി ഡ്രൈവിങ് ലൈസൻസ് എടുക്കേണ്ടവരടക്കം കുടുങ്ങി.
സ്വന്തം വാഹനവുമായി എത്തുന്നവർക്ക് ടെസ്റ്റ് നടത്തുമെന്ന് മോേട്ടാർ വാഹന വകുപ്പ് അറിയിച്ചെങ്കിലും സ്ലോട്ട് ലഭിച്ചവർ എത്താറില്ല. മേയ് ഒന്ന് മുതൽ ഡ്രൈവിങ് പരിഷ്കരണം കൊണ്ടുവരാനാണ് വകുപ്പ് തീരുമാനിച്ചത്. അവധി ദിനമായതിനാൽ ഒന്നിന് ടെസ്റ്റ് ഉണ്ടായിരുന്നില്ല. രണ്ടാം തീയതി മുതലാണ് സമരം തുടങ്ങിയത്.
സർക്കുലർ പിൻവലിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് ഡ്രൈവിങ് സ്കൂൾ സംഘടനകളുടെ നിലപാട്. ഒരു എം.വി.ഐക്ക് കീഴിൽ ഒരുദിവസം പരമാവധി 30 പേരെ മാത്രം ഡ്രൈവിങ് ടെസ്റ്റിന് അനുവദിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. ഇത് ലൈസൻസ് ലഭിക്കാനുള്ള അവസരം മൂന്നിൽ ഒന്നായി കുറക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് വാഹനഗതാഗത വകുപ്പ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന പരാതി ലൈസൻസ് എടുക്കാനെത്തുന്നവർക്കും ഡ്രൈവിങ് സ്കൂൾ അധികൃതർക്കുമുണ്ട്. നിലവിൽ ജില്ലയിലെ അഞ്ച് ട്രാൻസ്പോർട്ട് ഓഫിസുകളുടെ പരിധിയിൽ 480 പേർക്ക് ഒരു ദിവസം ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുക്കാൻ അവസരമുണ്ട്.
കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് ഓഫിസുകളിൽ 120 വീതവും ഇരിട്ടിയിലും പയ്യന്നൂരും 60 വീതവുമാണ് സ്ലോട്ടുകൾ അനുവദിക്കുന്നത്. പരിഷ്കരണ പ്രകാരം 40 ഡ്രൈവിങ് ടെസ്റ്റ് മാത്രമാണ് ഒരു ഓഫിസിൽ അനുവദിക്കുക. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞശേഷം മൂന്ന് മാസത്തോളം കഴിഞ്ഞാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കുന്നത്. പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതോടെ ഇതിനിയും വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.