കണ്ണാണ് കണ്ണൂരിലെ കുരുന്നുകൾ
text_fieldsകുട്ടികളുടെ ദിവസമാണ് ഇന്ന്. പൂമ്പാറ്റ കണക്കെ ആടിയും പാടിയും പഠിച്ചും കുരുന്നുജീവിതം വർണാഭമാക്കുകയാണവർ. ഓരോ കുഞ്ഞും ഒരായിരം പ്രതീക്ഷയാണ്. പഠന, പാഠ്യേതര പ്രവർത്തനങ്ങളിൽ ആരെയും വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് ജില്ലയിലെ കുട്ടിക്കൂട്ടം നേടുന്നത്. ഉയർന്ന വിജയശതമാനം സംസ്ഥാന തലത്തിൽ കുത്തകയാക്കി എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായ മൂന്നാം വർഷവും കണ്ണൂർ ഒന്നാമതായിരുന്നു. കല, കായിക മേളകളിലെ താരങ്ങളായും കണ്ടുപിടുത്തങ്ങളിലെ കുട്ടിശാസ്ത്രജ്ഞരായും പുതുതലമുറ വിലസുകയാണ്. നേട്ടങ്ങൾക്കൊപ്പം കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഏറെയാണ്. അങ്ങകലെ ഫലസ്തീനിലെ വെടിയൊച്ചകളും പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളികളും ഇവരെ അലട്ടുന്നുണ്ട്. ഈ ശിശുദിനത്തിൽ കുട്ടികളുടെ പ്രതീക്ഷകളും പ്രയാസങ്ങളും പങ്കുവെക്കുകയാണ് മാധ്യമം
കുട്ടിക്കളിയാണ് മാലിന്യ സംസ്കരണം
മാലിന്യ സംസ്കരണം അടക്കമുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ നാളത്തെ പൗരൻമാരായ കുട്ടികളുടെ ഉത്തരവാദിത്തവും ഇടപെടലും സജീവമാണ്. വീടുകളിൽ തുടങ്ങുന്ന ശുചിത്വവും മാലിന്യ സംസ്കരണവും സ്കൂളുകളിലും സമൂഹത്തിലേക്കും പകർത്തുകയാണ് പുതിയ തലമുറ.
എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി പോലെയുള്ള സന്നദ്ധ സംഘടനകളുടെ ഭാഗമായും മറ്റും നിരവധി പ്രവർത്തനങ്ങളാണ് കുട്ടികൾ നടത്തുന്നത്. കുട്ടികളുമായി ചേർന്ന് തദ്ദേശ സ്ഥാപനങ്ങളും പ്രാദേശിക തലത്തിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
കണ്ണൂർ കോർപറേഷൻ മാലിന്യമുക്ത കാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കിയാണ് ഹരിത സഭ സംഘടിപ്പിച്ചത്. കോർപറേഷനിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ഹരിതസഭ ചേർന്നത്. മാലിന്യ പരിപാലനം സംബന്ധിച്ച് തങ്ങളുടെ വിദ്യാലയത്തിലെ കാര്യങ്ങൾ കുട്ടികൾ ഹരിതസഭയിൽ അവതരിപ്പിച്ചു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് നഗരസഭതല ഹെൽത്ത് ഉദ്യോഗസ്ഥൻമാർ മറുപടി നൽകി. 44 വിദ്യാലയങ്ങളിൽ നിന്ന് 200ലധികം കുട്ടികളാണ് ഹരിത സഭയിൽ പങ്കെടുത്തത്. കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന ഹരിതസഭയിൽ മേയർ ടി.ഒ. മോഹനൻ മാലിന്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നോക്കണം, പാളം കടക്കാൻ
ക്ലാസിലെത്താൻ റെയിൽ പാളങ്ങൾ കടന്ന് പോകേണ്ടിവരുന്നവർ നിരവധിയാണ്. മുതിർന്നവരുടെ കരുതലും ശ്രദ്ധയുമൊന്നും കുഞ്ഞുങ്ങൾക്ക് ഉണ്ടാവണമെന്നില്ല. പാളങ്ങളിൽ പിഞ്ചുജീവൻ പൊലിയുമ്പോൾ നാടിന്റെ നെഞ്ചിനാകെ മുറിവേൽക്കുകയാണ്. കിഴുത്തള്ളി ഓവുപാലത്തിന് സമീപം കഴിഞ്ഞമാസം വിദ്യാർഥിനി പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചിരുന്നു.
കണ്ണൂർ ഐ.ടി.ഐ വിദ്യാർഥിനി നസ്നിക്കാണ് ദാരുണാന്ത്യം. മേൽപാലങ്ങളും റെയിൽവേ ഗേറ്റുകളും അനുവദിച്ച് സുരക്ഷിത യാത്രയൊരുക്കണമെന്നാണ് വിദ്യാർഥികൾക്ക് പറയാനുള്ളത്.
ചാലക്കുന്നിനെയും തോട്ടടയെയും ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപാലലം നിർമാണം ഉൾപ്പെടെ നിരവധി തവണ ചർച്ചയായതാണ്. തോട്ടട ഐ.ടി.ഐ, പോളിടെക്നിക്, എസ്.എൻ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നിരവധി വിദ്യാർഥികളാണ് പാളംമുറിച്ച് കടന്ന് ചാല ബൈപാസിലേക്കും കിഴുത്തള്ളിയിലേക്കും എത്തുന്നത്.
ചാലക്കുന്നിൽ പാളത്തിന് വലിയ വളവുള്ളതിനാൽ ട്രെയിൻ വരുന്നതും പെട്ടെന്ന് കാണാനാവില്ല. ഇലക്ട്രിക് എൻജിനായതിനാൽ വണ്ടിക്ക് ശബ്ദവും കുറവാണ്. നിരവധി പേരാണ് ചാലയിലും പരിസരങ്ങളിലും ട്രെയിൻ തട്ടി മരിച്ചത്. ചാലക്കുന്നിൽ മേൽപാലമെത്താൻ 1.05 കോടി രൂപകൂടി റെയിൽവേക്ക് സംസ്ഥാന സർക്കാർ കൈമാറണം.
റെയിൽവേക്ക് സർക്കാർ ഇതുവരെ 7.02 കോടിരൂപ നൽകിയിട്ടുണ്ട്. തലശ്ശേരിയിലും കണ്ണപുരത്തും കണ്ടങ്കാളിയിലുമെല്ലാം കുട്ടികൾക്ക് പാളം കടന്നുവേണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ. തലശ്ശേരി മാർക്കറ്റിന് സമീപം റെയിൽപാളം മുറിച്ചുകടന്ന് നിരവധി പേരാണ് ബസ് സ്റ്റാൻഡിലെത്തുന്നത്.
പഴയങ്ങാടി അടിപ്പാതയിൽ വെള്ളം നിറയുമ്പോൾ കുട്ടികൾ റെയിൽപാളം കടന്നാണ് പോകുന്നത്. ഇത് വലിയ അപകടഭീഷണിയാണ്. വെങ്ങര റെയിൽവേ ലെവൽക്രോസിൽ മുറിച്ചുകടക്കുന്നതും അപകടമാണ്. വളവായതിനാൽ ട്രെയിൻ വരുന്നത് മനസിലാവില്ല. ഇവിടെ ഗേറ്റ് അടക്കാൻ അധികൃതർ മറന്ന സംഭവങ്ങളുമുണ്ട്. ചെറുകുന്ന് തറയിൽ ഒരുപാട് വിദ്യാർഥികൾ മുറിച്ചുകടക്കുന്നുണ്ട്.
കണ്ടങ്കാളി റെയിൽവേ ഗേറ്റിന് തെക്കുഭാഗത്തുള്ള നിരവധി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ റെയിൽപാത മുറിച്ചുകടന്നാണ് യാത്ര ചെയ്യുന്നത്. കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്.
ഇത് ഏറെ അപകടകരമാണ്. ഇവിടെ മേൽപാലം ആവശ്യപ്പെട്ട് നഗരസഭ റെയിൽവേയെ സമീപിച്ചുവെങ്കിലും പാലത്തിന്റെ ചെലവ് നഗരസഭ വഹിക്കണമെന്ന വിചിത്രമായ മറുപടിയാണ് റെയിൽവേ നൽകിയത്. ഏഴിമല, പയ്യന്നൂർ സ്റ്റേഷനുകൾക്കു സമീപവും നിരവധി പേർ പാത മുറിച്ചു കടക്കുന്നത് പതിവാണ്.
ഇമ്മിണി ചെറിയ എഴുത്തുകാർ
കുട്ടിക്കഥകളും കവിതകളുമായി ഇമ്മിണി ചെറിയ എഴുത്തുകാരെ വാർത്തെടുക്കാനുള്ള ഒരുക്കത്തിലാണ് സമഗ്രശിക്ഷ കേരളം. വിദ്യാർഥികളുടെ വൈജ്ഞാനിക വികാസവും വർധിപ്പിക്കാനാണ് ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് ധനസഹായം നൽകും.
വായിക്കാനും വായിച്ചവ പരസ്പരം ചർച്ച ചെയ്യാനും അവസരമുണ്ട്. ഈ അനുഭവത്തിൽ കുട്ടികൾക്ക് സ്വന്തമായി സൃഷ്ടികൾ ഒരുക്കാം. ഇതിനായി ബി.ആർ.സി തലത്തിലും ജില്ല തലത്തിലും പരിശീലനം നൽകും. മികച്ച സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
മുഖ്യമന്ത്രിയോട് പറഞ്ഞുകൊടുക്കും
അഞ്ചരക്കണ്ടി: മഴയൊന്ന് പെയ്താൽ സനയുടെയും ഫാത്തിമയുടെയും വീട്ടിലേക്കുള്ള റോഡിൽ വെള്ളം കയറും. പിന്നെ സ്കൂളിൽ പോകാൻ ഏറെ ചുറ്റണം. പലരോടും പറഞ്ഞിട്ടും ഫലമില്ലാതായതോടെ മുഖ്യമന്ത്രിക്ക് കത്തെഴുതാനൊരുങ്ങുകയാണ് ചാലിപറമ്പ് രിഫാഇയ്യ മദ്റസയിലെ വിദ്യാർഥിനികളായ സന ഫാത്തിമയും ഫാത്തിമയും. പുഴയോര സുരക്ഷയും സംരക്ഷണവും വേണമെന്നാണ് ആവശ്യം.
ഇവരുടെ വീട് ഉൾപ്പെടുന്ന ചാലിപറമ്പ്-മാവിലകൊവ്വൽ ഭാഗങ്ങളിലെ വീട്ടുകാർക്ക് മഴ ശക്തമായി പെയ്താൽ പുഴയോട് ചേർന്നുള്ള റോഡിലൂടെ പുറത്തേക്ക് പോവാൻ പറ്റില്ല. കീഴല്ലൂർ ഡാമിനോട് ചേർന്നുനിൽക്കുന്ന കുടുംബമാണിവിടെ താമസിക്കുന്നവർ. ശക്തമായ മഴവെള്ളവും ഉരുൾപൊട്ടലും വന്നാൽ ഇവിടങ്ങളിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലാണ്. ഈ പ്രശ്നത്തിന് പരിഹാരം വേണമെന്നാവശ്യവുമായാണ് ഈ കുഞ്ഞുമക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചത്.
പുഴയോട് ചേർന്ന് നിൽക്കുന്ന റോഡ് പൂർണമായും ഉയർത്തി ടാറിങ് നടത്തണമെന്നും സംരക്ഷണഭിത്തിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകുന്നത്. ശിശുദിനത്തിൽ മുഖ്യമന്ത്രിയുടെ പിണറായി മണ്ഡലം ഓഫിസിലെത്തി നിവേദനം നൽകുമെന്ന് ഇരുവരും പറഞ്ഞു.
രണ്ടാം ക്ലാസുകാരന്റെ കത്ത് ഫലംകണ്ടു; റോഡ് റെഡി
പാനൂർ: കുഴിയും ചളിയും വെള്ളക്കെട്ടുമുളള റോഡ് നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാനൂർ നഗരസഭാധ്യക്ഷന് രണ്ടാം ക്ലാസുകാരൻ എഴുതിയ കത്തും ചെയർമാൻ നൽകിയ മറുപടിയും റോഡിന്റെ നവീകരണവും ശ്രദ്ധേയമായി.
പാലത്തായി യു.പി സ്കൂൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന റിയാൻ രാജാണ് നഗരസഭാധ്യക്ഷൻ വി. നാസറിന് കത്തെഴുതിയത്. സ്കൂളിന്റെ മുൻവശത്തെ തകർന്ന റോഡിൽക്കൂടി പോകാൻ താനും സഹപാഠികളും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും റോഡ് നന്നാക്കിത്തരണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
ചെയർമാൻ റിയാൻ രാജിന് മറുപടി അയച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപാകാൻ തുക വകയിരുത്തിയിരുന്നു. കാലാവസ്ഥ അനുകൂലമായാൽ ഉടൻ പണി തുടങ്ങുമെന്നുമായിരുന്നു മറുപടി. കാലാവസ്ഥ അനുകൂലമായതോടെ ഉടനടി സ്കൂൾ റോഡ് കട്ട വിരിച്ച് മനോഹരമാക്കിയതിൽ റിയാനും അഭിമാനം.
പിഞ്ചുകൈകളിൽ പുനർജനിച്ചത് മൂന്നു ജീവിതങ്ങൾ
പയ്യന്നൂർ: കുളത്തിന്റെ കയത്തിലേക്ക് മൂന്നുപേർ മുങ്ങിത്താഴുമ്പോൾ ധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും കൈകളായി എത്തി കരകയറ്റി ജീവിതത്തിലെത്തിച്ചത് കൊച്ചു മിടുക്കി. ബന്ധുക്കളായ മൂന്നുപേരെ ജീവിതത്തിലേക്ക് തിരികെ നടത്തിയപ്പോൾ അവർക്ക് ലഭിച്ചത് ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ്. കടന്നപ്പള്ളി പുത്തൂർകുന്നിലെ പാറയിൽ ശശിയുടെയും ഷീജയുടെയും മകൾ 13കാരിയായ ശീതളിന്റെ ആത്മധൈര്യത്തിലൂടെയാണ് രാഷ്ട്രപതിയുടെ അവാർഡ് കടന്നപ്പള്ളി ഗ്രാമത്തിലെത്തിയത്.
സ്വന്തം സഹോദരിയുടെയും മാതൃസഹോദരിയുടെയും അവരുടെ കുട്ടിയുടെയും ജീവനാണ് കഴിഞ്ഞ വർഷം ശീതൾ രക്ഷിച്ചത്. കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട പ്രിയപ്പെട്ടവരെ അതിസാഹസികമായാണ് കരക്കെത്തിച്ച് രക്ഷപ്പെടുത്തിയത്. ഏഴിലോട് പുറച്ചേരിയിലുള്ള ഇളയമ്മയുടെ വീട്ടിലെത്തിയതായിരുന്നു ശീതളും മൂത്ത സഹോദരി ശിൽപയും.
വീടിന് സമീപത്തെ കുളത്തിൽ നീന്തുന്നതിനിടെ ശിൽപയെയും ചെറിയ കുട്ടിയെയും രക്ഷിക്കുന്നതിനിടെ ഇളയമ്മയും അപകടത്തിൽപെട്ടു. ഈ സമയത്ത് കുളത്തിലുണ്ടായിരുന്ന ശീതൾ നീന്തൽ പഠിക്കാൻ ഉപയോഗിക്കുന്ന ഉപകരണവുമായി പോയി മൂവരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകിയ ധീരതക്കുള്ള അവാർഡ് കുടുംബസമേതം ന്യൂഡൽഹിയിലെത്തിയാണ് ശീതൾ വാങ്ങിയത്.
ഉജ്ജ്വല ബാല്യവുമായി ധ്യാൻകൃഷ്ണ
പാനൂർ: ഭിന്നശേഷി വിഭാഗത്തിലാണെങ്കിലും ഗണിതത്തിലും പൊതു പൊതുവിജ്ഞാനത്തിലും ടി. ധ്യാൻകൃഷ്ണയുടെ പ്രതിഭയെ വെല്ലാനാവില്ല. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കന് കഴിഞ്ഞ വർഷം വള്ള്യായി യു.പി സ്കൂളിൽ നിന്നു കൊയ്തെടുത്ത നേട്ടങ്ങൾ പരിഗണിച്ചാണ് ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ചത്. ന്യൂമാറ്റ്സ് (നർച്ചറിങ്ങ് മാത്തമാറ്റിക്കൽ ടാലന്റ്സ് ഇൻ സ്കൂൾ) സംസ്ഥാനതല നേട്ടം കൈവരിച്ചു. അബാക്കസിൽ ജില്ലതലത്തിൽ ഒന്നാം റാങ്കും ലഭിച്ചു.
അധ്യാപക സംഘടന നടത്തുന്ന പ്രതിഭ ക്വിസിലും വിജയിച്ചു. സംസ്കൃതം സിദ്ധരൂപം, പ്രശ്നോത്തരി മത്സര ജേതാവാണ്. കഴിഞ്ഞ ദിവസം ഉപജില്ല സാമൂഹ്യ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം, ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലാണ് ധ്യാൻ കൃഷ്ണ ജേതാവായത്. വള്ള്യായി നടമ്മൽ ദേവധ്യാനത്തിൽ ടി. ഹരിദാസിന്റെയും എം. സുഷമയുടെയും മകനാണ്. സഹോദരി: ദേവ് കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.