കൊതുക് പെരുകുന്നു; ജില്ലയിൽ ഡെങ്കിപ്പനി ഭീതി ഉയരുന്നു
text_fieldsകണ്ണൂര്‍: മഴ ശക്തമായതോടെ കൊതുകുകൾ പെരുകുന്നതിനാൽ ഡെങ്കിപ്പനി ഭീതി ഉയരുന്നു. ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകൾ വര്‍ധിച്ചു വരികയാണ്. ഏഴുമാസത്തിനിടെ 3200 പേർക്ക് രോഗബാധയുണ്ടായി. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുകയും പകൽ കടിക്കുകയും ചെയ്യുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിയുണ്ടാക്കുന്നത്. വീടുകളിലും പരിസരത്തും കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങളും വസ്തുക്കളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ടെങ്കിലും പ്രാവർത്തികമാകാത്തതാണ് കേസുകൾ വർധിക്കാൻ കാരണം.
കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് വീടകങ്ങളിൽ മണി പ്ലാന്റ് പോലെയുള്ള ചെടികൾ വളർത്തുന്നത് വർധിച്ചിട്ടുണ്ട്. ഇൻഡോർ ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രേയിലുമടക്കം കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവെ കൊതുക് മുട്ടയിട്ട് വളരുന്നത്. ഇവയുടെ ഉറവിടങ്ങൾ നശിപ്പിക്കാൻ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വളരാനിടയാകുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കണം. ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടിവെക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ എന്നിവിടങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പൊതുവേ മുട്ടയിട്ട് വളരുന്നത്. കൊതുക് മുട്ടയിട്ടു കഴിഞ്ഞാൽ ഏഴു മുതൽ 10 ദിവസം വരെ കൊണ്ട് ലാർവ വിരിഞ്ഞ് പുതിയ കൊതുകുകൾ പുറത്തുവരും.
ഡെങ്കികേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി വിരുദ്ധമാസാചരണം ജില്ല തല ഉദ്ഘാടനവും ബോധവത്കരണ പ്രദര്‍ശനവും നടത്തി. ഡി.എം.ഒ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാടിന്റെ നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടി കോർപറേഷൻ കൗൺസിലർ കെ.എം. സാബിറ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സി. സച്ചിന് അധ്യക്ഷത വഹിച്ചു. ജില്ല വെക്ടർ ബോർണ് ഡിസീസ് കൺട്രോൾ ഓഫിസർ ഡോ.കെ.കെ. ഷിനി ബോധവത്കരണ ക്ലാസെടുത്തു. വെക്ടർ യൂനിറ്റ് കൺട്രോളിന്റെയും ജില്ല മാസ് മീഡിയ വിഭാഗത്തിന്റെയും മേൽനോട്ടത്തിൽ തയാറാക്കിയ ഡെങ്കിപനി വിരുദ്ധ നോട്ടീസ് പ്രകാശനവും നടന്നു. പി. രാധാകൃഷ്ണന്, സി.പി. രമേശൻ, ടി. സുധീഷ്, എസ്.എസ്. ആർദ്ര എന്നിവർ സംബന്ധിച്ചു.
ഡ്രൈ ഡേ ഉറപ്പാക്കണം
വീടുകളിലെയും മറ്റു പരിസരങ്ങളിലും ചെറിയ വെള്ളക്കെട്ടുകൾ നീക്കം ചെയ്ത് അതിനകത്ത് കൊതുക് വളരുന്നില്ലെന്ന് ആഴ്ച തോറും ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള ഉറവിട നശീകരണം കൃത്യമായി നടത്തുന്നതിനായി ആഴ്ചയിൽ ഒന്നു വീതം ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച, ഓഫിസ്, കടകൾ മറ്റു സ്ഥാപനങ്ങളിൽ ശനിയാഴ്ച, വീടുകളിൽ ഞായറാഴ്ച, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച, ഓഫിസുകൾ, കടകൾ, മറ്റു സ്ഥാപനങ്ങളിൽ ശനിയാഴ്ച, വീടുകളിൽ ഞായറാഴ്ച എന്നിവിടങ്ങൾ എന്നിങ്ങനെയാണ് ഡ്രൈഡേ നടത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.