‘കരിയാപ്പി’നെ മലിനമാക്കി മത്സ്യസംസ്കരണ കേന്ദ്രം
text_fieldsകണ്ണൂർ: കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡായ കരിയാപ്പിലെ മത്സ്യസംസ്കരണ യൂനിറ്റിൽ നിന്നുള്ള ദുർഗന്ധവും മാലിന്യവും കാരണം ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് കരിയാപ്പ് സംരക്ഷണ സമര സമിതി ഭാരവാഹികൾ. ഒന്നര വർഷമായി പ്രദേശത്ത് പ്രവർത്തിക്കുന്ന സാഗർ സീ ഫുഡ് മത്സ്യ കമ്പനിയിൽ നിന്ന് അസഹ്യമായ ദുർഗന്ധവും മാലിന്യവുമാണ് പുറന്തള്ളുന്നത്.
ഒരു മലിനീകരണ നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന കമ്പനിക്ക് പഞ്ചായത്തിന്റെയും സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെയും പൂർണ പിന്തുണയുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു.
കമ്പനിയിൽ നിന്ന് പുറന്തള്ളുന്ന മാലിന്യം ആലപ്പടമ്പ് മുതൽ കവ്വായി കായൽ വരെയുള്ള ജലാശയങ്ങളെ മുഴുവൻ മലിനമാക്കുകയാണ്. ദുർഗന്ധം നിമിത്തം വീടുകളിൽ നിന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത സാഹചര്യമാണ്. കമ്പനിക്ക് പരിസരത്തുള്ള താമസക്കാരിൽ ത്വഗ് രോഗം വിട്ടുമാറുന്നില്ല. കുട്ടികളിലും പ്രായമുള്ളവരിലും കൈ കാലുകളിൽ ചുവന്നപാടുകളും വ്രണങ്ങളും രൂപപ്പെട്ട് പൊട്ടുകയാണ്. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല.
കമ്പനിയുടെ പ്രവർത്തനം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അടച്ചുപൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി ഹെൽത്ത് ഇൻസ്പെക്ടർ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഒരു നടപടിയുമുണ്ടായില്ല.
കരിയാപ്പിൽ മത്സ്യസംസ്കരണ യൂനിറ്റിനെതിരെ ജനകീയ സമരം നടക്കുന്നതിനാൽ പ്രദേശത്തെ സി.പി.എം ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ വിട്ടുനിൽക്കുകയാണെന്ന് സമര സമിതി ഭാരവാഹികൾ ആരോപിച്ചു. എം.എൽ.എ സമരക്കാരെ ഭയന്നിട്ടാണ് വരാതിരുന്നത്.
സമരം പാർട്ടിക്കെതിരല്ല. ചെങ്കൊടി പിടിച്ചാണ് സമരക്കാർ കമ്പനിക്കെതിരെ പോരാടുന്നത്. സമരത്തിന്റെ ഭാഗമായി കമ്പനി ഒരുമാസമായി പൂട്ടിയിട്ട്. വീണ്ടും തുറന്നുപ്രവർത്തിച്ചാൽ പ്രക്ഷോഭം ശക്തമാക്കുമെന്നും സമര സമിതി കൺവീനർ ജോബി പീറ്റർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സമര സമിതി ഭാരവാഹികളായ സി. ദിവാകരൻ, ടി.വി. ശ്രീജിത്ത്, വി.കെ. സജി, പാറയിൽ മനോജ് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.