ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റി; പുതുക്കിപ്പണിയൽ അനുമതി ചുവപ്പുനാടയിൽ
text_fieldsഅഴീക്കോട്: സാമൂഹികാരോഗ്യകേന്ദ്രം നവീകരണത്തിനായി കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കി ഒരുവർഷം പിന്നിട്ടിട്ടും പുനർനിർമാണത്തിന് സർക്കാർ അംഗീകാരമായില്ല. പുതുക്കിപ്പണിയാനുള്ള അനുമതി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. 2012 നിർമിച്ച ആശുപത്രി കെട്ടിടങ്ങളിലൊന്ന് പൊളിക്കുന്നതിനുള്ള സാങ്കേതിക കുരുക്കാണ് അംഗീകാരം വൈകാൻ കാരണമായത്. കാലപ്പഴക്കമില്ലാത്ത കെട്ടിടങ്ങൾ പൊളിക്കണമെങ്കിൽ ധനവകുപ്പിന്റെ മുൻകൂർ അനുമതിവേണം. അനുമതിക്കായി അപേക്ഷ നൽകി മറുപടിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ മാത്രമേ കെട്ടിടം പൂർണമായും പൊളിച്ചു നീക്കി പ്രവൃത്തി ആരംഭിക്കാൻ സാധിക്കൂ. 4.75 കോടി രൂപ വിനിയോഗിച്ച് നാല് നില കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി.
2022ൽ ഓഗസ്റ്റിലാണ് 50 വർഷം പഴക്കമുള്ള തകർച്ചയിലായ കിടത്തിച്ചികിത്സ വിഭാഗം പൊളിച്ചത്. വർഷം ഒന്ന് കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിന് ടെൻഡർപോലും വിളിച്ചില്ല. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആരോഗ്യ കേന്ദ്രം. നിലവിൽ ഒ.പി വിഭാഗം ബാക്കിയുള്ള പഴയ കെട്ടിടത്തിൽ ഞെരുങ്ങി പ്രവർത്തിക്കുന്നത് രോഗികൾക്ക് ദുരിതമാവുകയാണ്. ഈ സാഹചര്യത്തിലാണ് അഴീക്കോട് സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശേഷിക്കുന്ന ഭാഗവും പൊളിച്ചുനീക്കാൻ ലക്ഷ്യമിട്ടത്. ദിനംപ്രതി 350നും 400 നും ഇടയിൽ രോഗികളാണ് ഒ.പിയിൽ എത്തുന്നത്. പഴയ കെട്ടിടത്തിന്റെ ബാക്കിയുള്ള ചെറിയ മുറികളിലാണ് ഓരോ വിഭാഗങ്ങളും പ്രവർത്തിക്കുന്നത്.
രോഗികൾക്കൊപ്പം എത്തുന്നവർക്കും വിശ്രമിക്കാൻ കെട്ടിടത്തിന് പുറത്തുള്ള കുറച്ച് ഇരിപ്പിടങ്ങൾ മാത്രമാണുള്ളത്. കെട്ടിടം പൊളിച്ചതോടെ ദന്ത വിഭാഗത്തിന്റെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്. ഫിസിയോതെറപ്പി വിഭാഗം സമീപത്തെ പഞ്ചായത്ത് സ്റ്റേഡിയത്തിലെ സ്റ്റേജിന്റെ മുറിയിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിൻവശത്ത് പുതിയ മൂന്നുനില കെട്ടിടം നിർമിക്കാനായിരുന്നു ആദ്യ തീരുമാനം.
തുടർന്ന് എം.എൽ.എ ഫണ്ട് ഉൾപ്പെടെ പ്രയോജനപ്പെടുത്തി വിപുലമായ ആശുപത്രി സമുച്ചയം നിർമിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മുഴുവൻ കെട്ടിടവും പൊളിച്ചു നീക്കിയത്. കെട്ടിടം പൂർണമായും പൊളിച്ചുനീക്കുന്നതിനാൽ ആശുപത്രി പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. ഒ.പി വിഭാഗം നിലവിലുള്ള ഡയാലിസിസ് കെട്ടിടത്തിലേക്കാണ് മാറ്റുക. ഇതിനായി ഇവിടെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ക്വാർട്ടേഴ്സ് കെട്ടിടവും സ്റ്റേഡിയവും താൽക്കാലിക സൗകര്യങ്ങൾക്കായി പ്രയോജനപ്പെടുത്തും. ഇപ്പോൾ ഒരു മെഡിക്കൽ ഓഫിസറടക്കം നാല് ഡോക്ടർമാർ ആശുപത്രിയിലുണ്ട്. രാത്രി ഡോക്ടറുടെ സേവനം ഇല്ല. നിർമിക്കാൻ തീരുമാനിച്ച മൂന്ന് നില കെട്ടിടത്തിന് ചുരുങ്ങിയത് അഞ്ചു കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 1.10 കോടിയും ലഭിക്കും. കഴിയുന്ന തുക അഴീക്കോട് പഞ്ചായത്തും നൽകുമെങ്കിലും അഞ്ച് കോടി തികയില്ല.പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ആശുപത്രി നിർമാണവും വീണ്ടും നീളുമെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.