സിനിമാ ഷൂട്ടിങ്ങിന് നിർമിച്ച വീട് ഇനി കുടുംബത്തിന് തണലാകും
text_fieldsചൊക്ലി: മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സിനിമ ചിത്രീകരണത്തിനു വേണ്ടി ഒരു പുതിയ വീട് നിർമിച്ച്, ചിത്രീകരണത്തിനുശേഷം അത് അർഹതപ്പെട്ട കുടുംബത്തിന് കൈമാറി.
‘ക്രിയേറ്റിവ് ഫിഷി’ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച് ലിജു തോമസ് സംവിധാനം ചെയ്യുന്ന, ‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ പൂർത്തിയായതിനു ശേഷം, വീടിന്റെ താക്കോൽ ചലച്ചിത്ര താരം സുരേഷ് ഗോപി അർഹതപ്പെട്ട കുടുംബത്തിന് കൈമാറി.
സാധാരണ കോടികൾ ചെലവിട്ട് സെറ്റ് വർക്ക് ചെയ്യുന്നതിന് പകരം വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമിച്ച് അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും ശേഷം ആ വീട് കൈമാറുകയും ചെയ്തതോടെ മലയാള സിനിമയിൽ പുതിയൊരു പ്രവണതക്ക് തുടക്കമിടുകയാണ്, ‘അൻപോട് കൺമണി’ എന്ന ചിത്രം.
തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനുശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ നിർമാതാവ് എത്തിച്ചേർന്നത്. പിന്നാക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റിവ് ഫിഷിന് സാധിച്ചതായി നിർമാതാവ് വിപിൻ പവിത്രൻ പറഞ്ഞു. കെ.എൻ. ജയരാജ് ഡൽഹി മുഖ്യാതിഥിയായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.