ദേശീയപാത നിർമാണത്തിനിടെ വീട് ഇടിഞ്ഞുതാഴ്ന്നു
text_fieldsകണ്ണൂർ: ദേശീയപാത നിർമാണത്തിനായി ആഴത്തിൽ കുഴിയെടുത്ത കണ്ണൂർ താഴെചൊവ്വയിൽ വീട് ഇടിഞ്ഞ് താഴേക്ക് പതിച്ചു. മുട്ടോളംപാറയിൽ മഞ്ജിമ നിവാസിൽ ഷൈനുവിന്റെ വീടാണ് 16 മീറ്ററോളം താഴേക്ക് ഇടിഞ്ഞത്. അപകടഭീഷണിയെ തുടർന്ന് റവന്യൂ അധികൃതരുടെ നിർദേശത്തിൽ ഒരാഴ്ച മുമ്പാണ് ഷൈനുവും കുടുംബവും വീട് ഒഴിഞ്ഞത്.
അപകടസമയത്ത് വീട്ടിലും ദേശീയപാത പ്രവൃത്തി നടത്തുന്നയിടത്തും ആരുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. അപകട സമയത്തിന് തൊട്ടുമുമ്പാണ് വീട്ടിലെ സാധനങ്ങൾ മാറ്റിയത്.
വീട്ടുസാധനം കയറ്റിയ വാഹനം പോയതിന് തൊട്ടു പിന്നാലെ വീടിന്റെ വരാന്തയും ഹാളും ഇടിഞ്ഞുതാഴ്ന്നു. വീട്ടുമുറ്റത്തെ പ്ലാവും മതിലും താഴേക്ക് പതിച്ചു. അരമണിക്കൂറിനകം സമീപത്തെ പുത്തൻകല്ല് ഉപേന്ദ്രന്റെ വീട്ടുമതിലും നാലുമീറ്ററിലേറെ നീളത്തിൽ ഇടിഞ്ഞുതാഴ്ന്നു. മുട്ടോളംപാറ-വെള്ളപ്പാറ റോഡും തകർന്നു.
ദേശീയപാത നിർമാണത്തിനായി താഴെചൊവ്വ-ആറ്റടപ്പ റോഡിന് സമീപം ആഴത്തിൽ കുഴിയെടുത്തിരുന്നു.
അപകട ഭീഷണിയെ തുടർന്ന് താഴെചൊവ്വയിൽ മിനിലോറി ഡ്രൈവറായ ഷൈനുവും സഹോദരി ഷീബയും മക്കളും അടങ്ങുന്ന കുടുംബം ഒരാഴ്ച മുമ്പാണ് ചാലയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. വീടിന് വിള്ളൽ വീണതിനാൽ റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് കുടുംബത്തിനോട് മാറിത്താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അപകട സാധ്യതയുള്ളതിനാൽ വീട് ദേശീയപാത അധികൃതർ ഏറ്റെടുത്തിരുന്നു.
എന്നാൽ, നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. വൈദ്യുതിത്തൂൺ ഇടിഞ്ഞതിനാൽ പ്രദേശത്തെ വൈദ്യുതിബന്ധവും തകരാറിലായി. താഴെചൊവ്വ-ആറ്റടപ്പ റോഡിന് കുറുകെയാണ് ദേശീയപാത കടന്നുപോകുന്നത്.
മുട്ടോളംപാറയിൽ 16 മീറ്ററോളം ഇടിച്ചുതാഴ്ത്തിയാണ് പാത നിർമാണം. അപകട ഭീഷണിയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കൂടുതൽ ഭാഗങ്ങൾ ഇടിയാൻ സാധ്യതയുള്ളതിനാൻ സന്ദർശകരെ നിയന്ത്രിക്കാനായി പ്രദേശത്ത് പൊലീസ് കാവലും ഏർപ്പെടുത്തി. സംഭവസ്ഥലം ദേശീയപാത അതോറിറ്റി അധികൃതരും റവന്യൂ വകുപ്പും സന്ദർശിച്ചു.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ആഴത്തിൽ കുഴിയെടുത്തതിനെ തുടർന്ന് നിരവധി പ്രദേശങ്ങളിലാണ് മണ്ണിടിച്ചൽ ഭീഷണിയുള്ളത്. മുട്ടോളംപാറയിൽ ആറ്റടപ്പ റോഡ് കടന്നുപോകുന്നതിന്റെ ഒരുഭാഗത്ത് ദേശീയപാത നിർമാണ പ്രവൃത്തി തുടങ്ങാൻ ബാക്കിയുണ്ട്. ഈ ഭാഗത്തുകൂടി ആഴത്തിലുള്ള കുഴിയെടുത്താൽ കൂടുതൽ വീടുകൾ അപകടഭീഷണിയിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.