കൂളിക്കുന്ന് ഓർമയിലേക്ക്... അനുവദിക്കില്ലെന്ന് നാട്
text_fieldsപയ്യന്നൂർ: ജൈവവൈവിധ്യങ്ങളുടെ കലവറയും ഗ്രാമത്തിന്റെ ജല, ഭക്ഷ്യ സുരക്ഷയുടെ കാവലാളുമായ കുന്ന് ഓർമയിലേക്ക്. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ 10ാം വാർഡിൽ ജുമാമസ്ജിദിന് സമീപത്തുള്ള കൂളിക്കുന്നാണ് ഓർമയാവുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള കുന്നാണ് ഇല്ലാതാവുന്നത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതക്ക് വേണ്ടിയാണ് ഈ കുന്ന് ഇടിക്കുന്നത്. 2,74,500 മെട്രിക്ക് ടൺ മണ്ണാണ് പാതക്കു നൽകാൻ കരാറാക്കിയത്. ഈ മണ്ണെടുക്കുന്നതോടെ കൂളിക്കുന്ന് ഇല്ലാതാവുമെന്ന് നാട്ടുകാർ പറയുന്നു. മണ്ണ് കടത്ത് ദേശീയപാതക്കായതിനാൽ ജിയോളജി ഉൾപ്പെടെ വകുപ്പുകളുടെ എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടാണ് ഖനനം. അതുകൊണ്ട് റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് ഒന്നും ചെയ്യാനാവില്ല.
നിരവധി വീടുകളുള്ള ജനവാസ കേന്ദ്രമാണ് കുന്നിന്റെ എല്ലാ അതിരുകളും. അതുകൊണ്ട് കുന്ന് ഇല്ലാതാകുമ്പോൾ തകരുന്നത് ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനമാണ്. ഈ പ്രദേശങ്ങളിലും താഴെ രണ്ട് പാടശേഖരങ്ങളിലും ജല ലഭ്യതക്ക് കാരണം ഈ കുന്നാണ്. കുന്ന് ഇല്ലാതാകുന്നതോടെ വയലും കിണറും വറ്റുമെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ട് കുന്നിടിക്കൽ അംഗീകരിക്കാനാവില്ലെന്നാണ് അവർ പറയുന്നത്.
മണ്ണെടുപ്പ് തടഞ്ഞ് കുന്നിനെ സംരക്ഷിക്കാനും നാടിന്റെ സ്വത്വം തിരിച്ചുപിടിക്കാനുമുള്ള ശ്രമത്തിലാണ് നാട്ടുകാർ. ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരാൻ കൂളിക്കുന്ന് സംരക്ഷണ സമിതിക്ക് രൂപം നൽകി. ആദ്യപടിയായി എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം നൽകും.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യുവജന സംഘടനകളും നാട്ടുകാരും പങ്കെടുത്ത യോഗത്തിൽ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. മുസ്തഫ കടന്നപ്പള്ളി, എം. റാഫി, ഇ.ടി പ്രവീൺ, കെ.പി. ജനാർദനൻ, പി.കെ പ്രജീഷ്, പി. ലിബിൻ, എൻ.ഇ. പന്മനാഭൻ മാസ്റ്റർ, പി.പി. രാജീവൻ, മല്ലപ്പള്ളി രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുസ്തഫ കടന്നപ്പള്ളി (ചെയ.), ടി. മനോഹരൻ (കൺ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.