നിയമക്കുരുക്ക് നീങ്ങി; കോടതി സമുച്ചയ നിർമാണം ഉടൻ
text_fieldsകണ്ണൂർ: നിർമാണ കരാർ സംബന്ധിച്ച തർക്കത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് അനുകൂലമായി സുപ്രീം കോടതി നിലപാടെടുത്തതോടെ കണ്ണൂർ കോടതി കെട്ടിട നിർമാണം ഉടനാരംഭിക്കും.
കോടതി നിർദേശത്തിൽ ചെറിയ അവ്യക്തത മാത്രമാണ് ഇനിയുള്ളത്. മൂന്നുദിവസത്തിനകം ഊരാളുങ്കൽ സൊസൈറ്റി ഒരുലക്ഷംരൂപ അടക്കണമെന്ന നിർദേശം ഹൈകോടതി വിധിയിൽ ഉണ്ടായിരുന്നു. ഊരാളുങ്കലിന് എതിരായ ഹരജി തള്ളിയെങ്കിലും തുക അടക്കേണ്ടത് സംബന്ധിച്ച് സുപ്രീം കോടതി ഒന്നും വ്യക്തമാക്കിയിട്ടില്ലെന്നതാണ് അവ്യക്തതക്ക് കാരണം. ഈ സാഹചര്യത്തിൽ ഊരാളുങ്കൽ സൊസൈറ്റി തുക അടക്കേണ്ടിവരുമെന്ന് കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സഹദേവൻ പറഞ്ഞു. നിർമാണം തുടങ്ങുന്നത് സംബന്ധിച്ച് സർക്കാറും മരാമത്ത് വകുപ്പുമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരുടെയും ജനങ്ങളുടെയും ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ 2021ലാണ് 24.55 കോടി രൂപ ചെലവിൽ ബഹുനില കോടതി കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മുൻകൈയിൽ 24.55 കോടിയുടെ പുതിയ കെട്ടിടത്തിന്റെ മാസ്റ്റർപ്ലാൻ ഹൈകോടതി അംഗീകരിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്.
കെട്ടിടസമുച്ചയം വരുന്നതോടെ കൂടുതൽ കോടതികൾ കണ്ണൂരിൽ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എട്ടു കോടതികളാണ് നിലവിൽ കണ്ണൂരിൽ പ്രവർത്തിക്കുന്നത്. മൂന്ന് മജിസ്ട്രേറ്റ് കോടതികളും രണ്ട് മുനിസിഫ് കോടതികളും ഒരു സബ് കോടതിയും കുടുംബ കോടതിയും പോക്സോ കോടതിയും. അഞ്ഞൂറോളം അഭിഭാഷകരും നൂറിലധികം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് അനുമതി ലഭിച്ചത് നിർമാണ് കണ്‍സ്ട്രക്ഷന്‍സിനായിരുന്നു. എന്നാല്‍, നിർമാണ് കണ്‍സ്ട്രക്ഷന്‍സ് നല്കിയ ക്വട്ടേഷനെക്കാളും 1.65 കോടി രൂപ അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നിർമാണ് കണ്‍സ്ട്രക്ഷന്‍സ് ഉടമ നല്കിയ ഹരജിയിയിൽ സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
കണ്ണൂർ ജില്ല ജഡ്ജിയുടെ അനുമതി ലഭിച്ച ശേഷം ആരംഭിച്ച പൊളിക്കൽ നടപടി പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് വിഷയം വീണ്ടും സുപ്രീം കോടതിയിലെത്തിയത്.
ഊരാളുങ്കൽ സൊസൈറ്റിക്ക് 10ശതമാനം പ്രൈസ് പ്രിഫറൻസിന് അർഹതയുണ്ടെന്നാണ് കഴിഞ്ഞദിവസം സുപ്രീംകോടതി വിശദമാക്കിയത്.
കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകണമെന്ന കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിർമാണ് കണ്‍സ്ട്രക്ഷന്‍സ് നല്കിയ ഹരജി തള്ളിയ സുപ്രീം കോടതി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.