മേയർ സ്ഥാനം ലീഗിൽ തീരുമാനമായില്ല
text_fieldsകണ്ണൂർ: കോർപറേഷൻ മേയർ സ്ഥാനം ആർക്കാണെന്ന് പ്രഖ്യാപിക്കാതെ മുസ്ലിം ലീഗ്. പാർലമെന്റ് പാർട്ടി ലീഡർ മുസ്ലിഹ് മഠത്തിലിന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ളതെങ്കിലും ഇക്കാര്യം നേതൃത്വം പരസ്യമായി പറഞ്ഞിട്ടില്ല. മറ്റൊരു പേരുകൂടി ഉയർന്നുവന്നതിനാലാണ് മുസ്ലിഹിന്റെ പേര് പ്രഖ്യാപിക്കുന്നത് വൈകാൻ കാരണം.
കസാനക്കോട്ടയിൽ നിന്നുള്ള കൗൺസിലർ ഷമീമയുടെ പേരാണ് ഉയരുന്നത്. സംവരണമില്ലാത്ത കണ്ണൂരിൽ വനിത മേയർ വരുന്നത് പുതിയ മാതൃകയാവുമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. വനിത സംവരണമുള്ള ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാമെന്ന അനൗദ്യോഗിക ധാരണയിലാണ് ജീവകാരുണ്യ മേഖലയിൽ സജീവമായ ഷമീമയെ മത്സരിപ്പിച്ചത്. എന്നാൽ, വിജയിച്ച ശേഷം താണയിൽ നിന്നുള്ള ഷമീനക്ക് വേണ്ടി സമ്മർദമുയർന്നതോടെ നേതൃത്വം വഴങ്ങി. ഇത് പാർട്ടിക്കുള്ളിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇപ്പോൾ മേയർ സ്ഥാനത്തേക്ക് അവസരം വന്നതോടെയാണ് ക്ഷേമകാര്യ സമിതി ചെയർമാനായ ഷമീമക്ക് വേണ്ടി അവകാശവാദമുയരുന്നത്. ഇതിനു പുറമെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിക്കുമെന്ന് മുസ്ലിം ലീഗ് പ്രതീക്ഷിക്കുന്നുണ്ട്. മേയർ പദവി രണ്ടര വർഷം വീതം പങ്കുവെക്കണമെന്ന ലീഗിന്റെ ആവശ്യം രണ്ടു വർഷമായി ചുരുങ്ങിയതിന്റെ പരിഗണനയായാണിത്.
മേയർ സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കാർമികത്വത്തിൽ നടന്ന ചർച്ചയിൽ ഇക്കാര്യം ലീഗ് ഉന്നയിക്കുകയും പരിഗണിക്കാമെന്ന് ധാരണയാവുകയും ചെയ്തിരുന്നു.
സ്ഥാനം കൈമാറുന്നത് സംബന്ധിച്ച് കോർപറേഷൻ ഭരണസമിതിയിൽ ഏറെനാൾ നിലനിന്ന തർക്കത്തിൽ രണ്ടുതവണ ലീഗ് -കോൺഗ്രസ് ജില്ല നേതൃത്വങ്ങൾ തമ്മിൽ ചർച്ച നടന്നിട്ടും ഫലം കാണാതെ വന്നതോടെയാണ് പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടിയുമടക്കം ഇടപെട്ട് ധാരണയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.