കാടെടുക്കുന്നു, മന്ദനാർ രാജവംശ ശേഷിപ്പുകൾ: നശിക്കുന്നത് ഏക തീയ്യ രാജവംശത്തിെൻറ സ്മാരകം
text_fieldsകണ്ണൂര്‍: ചരിത്രത്തിലെ ഏക തീയ്യ രാജവംശത്തിന്റെ സ്മാരകം സംരക്ഷിക്കപ്പെടാതെ കാടെടുത്ത് നശിക്കുന്നു. നൂറ്റാണ്ടുകളോളം ഭരണം നടത്തിയിരുന്ന മന്ദനാര്‍ രാജവംശത്തിന്റെ കൊട്ടാരവും കളരിയും ക്ഷേത്രാവശിഷ്ടങ്ങളും സ്ഥിതി ചെയ്തിരുന്ന ശ്രീകണ്ഠപുരം പൂപ്പറമ്പിനടുത്ത് മന്ദനാര്‍ പാടി എന്നറിയപ്പെടുന്ന ഭൂമിയാണ് സംരക്ഷിക്കപ്പെടാതെ കിടക്കുന്നത്. ഭൂമിയിലെ കൊട്ടാര അവശിഷ്ടങ്ങളും പഴയ കാലത്ത് ഉപയോഗിച്ചിരുന്ന വാളുകളും മറ്റും ദ്രവിച്ച് നശിക്കുകയാണ്. പുരാവസ്തുവകുപ്പോ ചരിത്ര ഗവേഷകരോ ഈ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വില്യം ലോഗന്റെ 'മലബാര്‍ മാന്വലി'ല്‍ പരാമര്‍ശിക്കപ്പെടുന്ന ഈ രാജവംശത്തിന്റെ അവശിഷ്ട സ്മാരകം തേടി ഒട്ടേറെ ചരിത്രവിദ്യാര്‍ഥികളടക്കം എത്തുന്നുണ്ടെങ്കിലും ചരിത്രസ്ഥലം ഇപ്പോഴും അവഗണിക്കപ്പെട്ട് കിടക്കുകയാണ്.
മന്ദനാര്‍ രാജവംശത്തിന്റെ അഞ്ചരമനകളില്‍ പ്രധാനപ്പെട്ട മന്ദനാര്‍ പാടിയുടെ ഈ പ്രദേശം മാത്രമാണ് ഇനി തീയ്യരാജ വംശത്തിന്റെ അവസാന ശേഷിപ്പായി ബാക്കിയുള്ളത്. കോലത്തിരിയുടെ സാമന്തനായി എരുവേശ്ശി മുതല്‍ പൈതല്‍മല വരെയുള്ള പ്രദേശം ഭരിച്ചിരുന്ന കേരളത്തിലെ ഒരു തീയ്യര്‍ രാജവംശമായിരുന്നു മന്ദനാര്‍. ഈ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്നു കുഞ്ഞിക്കേളപ്പന്‍.
തളിപ്പറമ്പ് കിഴക്ക് കുടക് മലയുടെ അടിവാരത്ത് എരുവേശ്ശി എന്ന പ്രദേശത്താണ് തീയ്യ സമുദായത്തില്‍പ്പെട്ട മന്ദനാര്‍ രാജവംശം 1902വരെ നിലനിന്നിരുന്നത്. രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902ൽ മരിക്കുകയും മരിക്കും മുമ്പ് തന്റെ സ്വത്ത് മുഴുവൻ ബ്രിട്ടീഷ് സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. ഇതോടെ ഈ രാജവംശം അന്യംനിന്നുപോകുകയായിരുന്നു. ചിറക്കല്‍ കോവിലകത്തെ പഴയ പട്ടോലയില്‍ മന്ദനാരെ പറ്റി ചിലതെല്ലാം പരാമർശിക്കുന്നുണ്ട്. 'ഭാര്‍ഗവരാമായണം' എന്ന കാവ്യത്തില്‍ മന്ദനാര്‍ ചരിത്രവും പ്രസ്താവിക്കുന്നുണ്ട്. കോരപ്പുഴ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെ ഉള്ള അതിരുകളുടെ ഭരണം കൈയാളിയിരുന്നത് മന്ദനാര്‍ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.