കാണാക്കയങ്ങളിൽ മരണം കാത്തിരിക്കുന്നു...
text_fieldsകണ്ണൂർ: ജലാശയങ്ങളിൽ മുങ്ങിമരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനുകൾ പൊലിയുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ആയിരത്തിലേറെപേരാണ് ഒരുവർഷം മുങ്ങിമരിക്കുന്നതെന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകളിൽ പറയുന്നു. ജില്ലയിലും മുങ്ങി മരണങ്ങൾ വർധിക്കുകയാണ്. ശനിയാഴ്ച ഇരിട്ടി ചരൾപുഴയിൽ അയൽവാസിയും നാലാം ക്ലാസ് വിദ്യാർഥിയും മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. വെള്ളതിൽ മുങ്ങിപ്പോയവരെ രക്ഷിക്കാനിറങ്ങുന്നതിനിടയിലാണ് ഒന്നിലേറെ മരണങ്ങൾ ഉണ്ടാകുന്നത്.
ചരൾ പുഴ കാണാനെത്തിയ ഒമ്പത് വയസ്സുകാരൻ ആൽവിൻ കൃഷ്ണ വെള്ളത്തിൽ മുങ്ങിയപ്പോഴാണ് അയൽവാസി വയലിൽ പൊല്ലാട്ട് വിൻസന്റും (42) വെള്ളത്തിലിറങ്ങി അപകടത്തിൽപെട്ടത്. ബാവലിപ്പുഴയിലെ കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവ് മുങ്ങി മരിച്ചതും ഒരേദിവസം. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേൽ ജെറിൻ ജോസഫാണ് (27) കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചത്. നീന്തൽ അറിയുന്നവർ പോലും മരണക്കയങ്ങളിൽ ഇല്ലാതാവുകയാണ്. ഇതിലേറെയും വിദ്യാർഥികളാണ്. പുറമെ ശാന്തമാണെങ്കിലും പുഴകളിലും തോടുകളിലും അടിയൊഴുക്കും ചുഴിയും ശക്തമാണ്. വർഷങ്ങളായി അടിഞ്ഞുകൂടിയ ചളിയും പുല്ലും പായലുകളും കുളങ്ങളിലും വില്ലനാവും. പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നവർക്കാണ് മിക്കപ്പോഴും ജീവൻ നഷ്ടമാകുന്നത്.
കഴിഞ്ഞ ജൂണിൽ ഏച്ചൂർ മാച്ചേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ രണ്ട് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. ഏച്ചൂർ വട്ടപ്പൊയില് പന്നിയോട് കുളത്തിൽ അച്ഛനും മകനും മുങ്ങിമരിച്ചതിന്റെ വാർഷിക ദിനത്തിലാണ് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായത്.
ഇതേമാസം പാവന്നൂർമൊട്ട ചീരാച്ചേരി ഇരുവാപുഴയിൽ വീണ് മരിച്ചത് ബന്ധുക്കളായ മൂന്ന് കുട്ടികളാണ്. പുഴക്കരികിലൂടെ നടക്കുമ്പോൾ മഴയിൽ കുതിർന്ന മണ്ണിടിഞ്ഞ് മൂവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് കണ്ണൂർ പുല്ലൂപ്പിക്കടവിലെ കയത്തിൽ മൂന്നു യുവാക്കളുടെ ജീവനുകൾ പൊലിഞ്ഞത്. നീന്താൻ അറിയാമെന്ന അമിത ആത്മവിശ്വാസത്തിലാണ് പലരും പുഴകളിൽ ഇറങ്ങുന്നത്. എത്രത്തോളം നീന്താൻ അറിയാമെന്നത് പ്രധാനമാണ്. ആഴംകുറഞ്ഞതും ഒഴുക്കില്ലാത്തതുമായ ജലാശയങ്ങളിൽ നീന്തി ശീലിച്ചവർക്ക് പുഴയിലെ കുത്തൊഴുക്കും അടിത്തട്ടിലെ ചളിയും അതിജീവിക്കാനാവില്ല.
ജെറിൻ ജോസഫിന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് നെല്ലിക്കുന്ന്
കേളകം: ബാവലിപുഴയിൽ ശനിയാഴ്ച മുങ്ങിമരിച്ച കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല് ജെറിന് ജോസഫിന്റെ വേർപാടിൽ കണ്ണീരോടെ നാടും നാട്ടുകാരും. ജെറിൻ ജോസഫിന്റെ വേർപാടോടെ കുടുംബം അനാഥമായി. വർഷങ്ങൾക്ക് മുമ്പ് ജെറിന്റെ പിതാവ് റോയി മരണപ്പെട്ടിരുന്നു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ജെറിൻ. കൂട്ടുകാരോടൊപ്പം കുളിക്കാൻ പുഴയിൽ പോയ ജെറിന്റെ യാത്ര അന്ത്യയാത്രയാവുകയായിരുന്നു.
യുവജന പ്രസ്ഥാനങ്ങളിലേക്ക് ചെറുപ്പാക്കാരെ അടുപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് കെ.സി.വൈ.എം പ്രവർത്തകർ പറഞ്ഞു. നാട്ടിലെ സാമൂഹിക-സാമൂദായിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.
കെ.സി.വൈ.എം അതിരൂപത സെനറ്റ് അംഗം, ഫൊറോന ജനറൽ സെക്രട്ടറി, ഇടവക പ്രസിഡന്റ്, മിഷൻ ലീഗ് ഫൊറോന കമ്മിറ്റി അംഗം, മത അധ്യാപകൻ, സി.പി.എം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിൽ സജീവ പ്രവർത്തകനായിരുന്നു. മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പൊതുപ്രശ്നങ്ങളിൽ പ്രതിഷേധമറിയിക്കുന്നതിനും പരിഹാരം കാണുന്നതിനും ജെറിൻ മുൻപന്തിയിലായിരുന്നു എന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
കാക്കനാട് മാതൃക എൽ.പി സ്കൂളിലെ താൽക്കാലിക അധ്യാപകനുമായിരുന്നു ജെറിൻ. ജെറിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30ന് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കാരിക്കും പരേതനായ റോയി, ജെസി ദമ്പതികളുടെ മകനാണ്. ജുവൽ ഏകസഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.