കണ്ണൂരിൽ കൂട്ടിയും കുറച്ചും മുന്നണികൾ
text_fieldsകണ്ണൂർ: മുന്നണികളെ ആശങ്കയിലാക്കി കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പോളിങ് ശതമാനത്തിലെ കുറവ്. പോളിങ് കുറഞ്ഞത് എങ്ങനെ ബാധിക്കുമെന്ന് കീറിമുറിച്ച് പരിശോധിക്കുകയാണ് മുന്നണികൾ.
ഇതിനായി ബൂത്തുകളിൽ നിന്നുള്ള വിവരങ്ങളടക്കം ശേഖരിച്ച് പരിശോധിക്കുകയാണ് എൽ.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകൾ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ പോളിങ് ശതമാനം കുറഞ്ഞതും മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
2019ൽ 83.21 ശതമാനമായിരുന്നു കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പോളിങ്. ഇത്തവണ 77.21 ശതമാനം പോളിങ്ങാണ്. പോസ്റ്റൽ വോട്ടുകൾ കണക്കാക്കിയിട്ടില്ല.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായ കെ. സുധാകരൻ ജയിച്ചത്. സി.പി.എം ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വ്യക്തമായ ലീഡ് നേടിയാണ് സുധാകരൻ വിജയിച്ചത്. എന്നാൽ, ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ മട്ടന്നൂർ, ഇരിക്കൂർ, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ധർമടം, പേരാവൂർ മണ്ഡലങ്ങളാണ് കണ്ണൂർ ലോക്സഭ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ പേരാവൂരിലും ഇരിക്കൂറിലും പോളിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫ് ക്യാമ്പിനെ അമ്പരപ്പിലാക്കി. എൽ.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ മട്ടന്നൂരും ഇരിക്കൂറിലും കഴിഞ്ഞ വർഷത്തെ പോളിങ് ശതമാനമില്ലെങ്കിലും 80 ശതമാനത്തിനു മുകളിൽ പോളിങ് ചെയ്യാനായത് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്.
ഇരിക്കൂറിലും പേരാവൂരിലും 2019ലെ തെരഞ്ഞെടുപ്പിൽ 80.94 ശതമാനവും 81.33 ശതമാനവുമായിരുന്നു പോളിങ്. എന്നാൽ, ഇക്കുറി ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയത് ഇരിക്കൂറാണ് (72.50). പേരാവൂരിൽ 73.54 ശതമാനവും.
വോട്ടെടുപ്പിനു മുമ്പുണ്ടായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ് ലിംകൾക്കെതിരെയുള്ള വിവാദ പ്രസംഗവും ഇ.പി. ജയരാജന്റെ ബി.ജെ.പി നേതാക്കളുമായുള്ള രഹസ്യ ചർച്ച കെ. സുധാകരിനിലൂടെ വെളിപ്പെട്ടതും അനുകൂലമാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് വിശ്വസിക്കുന്നത്. അതിനിടെ ഇക്കുറി തെരഞ്ഞെടുപ്പ് കഴിഞ്ഞവേളയിൽ കെ. സുധാകരൻ ജില്ലയിൽ കള്ളവോട്ട് നടന്നിട്ടില്ലെന്ന് പ്രസ്താവനയുമായി രംഗത്തുവന്നു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നില്ലെങ്കിലും അതിനടുത്ത് വരുമെന്നാണ് സുധാകരൻ പറയുന്നത്.
എന്നാൽ, കണ്ണൂർ ലോക്സഭ മണ്ഡലം തിരിച്ചു പിടിക്കുമെന്നും വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ പറഞ്ഞു.
വിജയം അവകാശപ്പെടുന്നില്ലെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ട് കിട്ടുമെന്നും എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥും പറയുന്നു.
ജില്ലയില്‍ 77.47%
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.47 ശതമാനം പോളിങ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിങ് 83.2 ശതമാനമായിരുന്നു. ആറു ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ 77.28 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലും കണ്ണൂർ ലോക്സഭ മണ്ഡലത്തിലും ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത് മട്ടന്നൂരാണ്. കുറഞ്ഞത് ഇരിക്കൂറിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.