ചെങ്ങളായിയിൽ വൈദ്യുതി വിതരണം ഭൂഗർഭ കേബിൾ വഴിയാക്കും
text_fieldsശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വിവിധ മേഖലകളിൽ ശ്രീകണ്ഠപുരം സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം ഇനി ഭൂഗർഭ കേബിൾ വഴിയാക്കും.
ഇതിനുള്ള ടെൻഡർ നടപടികളടക്കം അവസാനഘട്ടത്തിലാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ചെങ്ങളായി, വളക്കൈ, കൊയ്യം, ചുഴലി മേഖലകളിലേക്കും സമീപ പ്രദേശങ്ങളായ പരിപ്പായി, ചെമ്പന്തൊട്ടി, കുറുമാത്തൂർ പ്രദേശങ്ങളിലേക്കും വൈദുതി എത്തിക്കുന്നത് ശ്രീകണ്ഠപുരം സബ്സ്റ്റേഷനിലെ 11 കെ.വി വളക്കൈ ഫീഡർ വഴിയായിരുന്നു. വർഷങ്ങൾക്കുമുമ്പ് പറമ്പുകൾക്കു കുറുകെ വലിച്ച ഈ ലൈനിൽ കാലപ്പഴക്കം കൊണ്ടും മരക്കൊമ്പുകൾ വീഴുന്നതിനാലും വൈദ്യുതിതടസ്സം പതിവാണ്. 40 കിലോമീറ്ററിലധികം നീളമുള്ള ഈ ലൈൻ മുഴുവനായും മാറ്റിപ്പണിയുന്നതിെൻറ തയാറെടുപ്പിലാണ് കെ.എസ്.ഇ.ബി അധികൃതർ.
ഇതിെൻറ ഭാഗമായി വളക്കൈ പാലം മുതൽ തട്ടേരി വരെ ഒരുകിലോമീറ്റർ പുതിയ ലൈൻ വലിച്ച് കമീഷൻ ചെയ്തു. ചെങ്ങളായി മുക്കാടം മുതൽ വളക്കൈ ടൗൺ വരെയും തട്ടേരി മുതൽ ചുഴലി വരെയുള്ള ഏഴു കിലോമീറ്റർ പുതിയ ലൈനിെൻറ പണിയും നടന്നുകൊണ്ടിരിക്കുന്നു. നെല്ലിക്കുന്ന് മുതൽ മൊട്ടക്കേപ്പീടിക വരെയുള്ള നാലുകിലോമീറ്റർ ലൈൻ പണിക്ക് ഉടൻ ടെൻഡർ ക്ഷണിക്കും. പഴയ ക്രോസ്കൺട്രി ലൈനുകൾ മാറ്റി റോഡ് വഴി പുതിയ ലൈൻ ചാർജ് ചെയ്യുന്നതോടെ വൈദ്യുതി തടസ്സത്തിൽ കാര്യമായ കുറവുണ്ടാകും. ഇതിെൻറ ഭാഗമായി ഫീഡറിെൻറ നീളം കുറക്കാനും അതുവഴി വോൾട്ടേജ് മെച്ചപ്പെടുത്താനും വേണ്ടിയാണ് ചെങ്ങളായി പഞ്ചായത്തിലേക്ക് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്നത്.
ശ്രീകണ്ഠപുരം സബ്സ്റ്റേഷനിൽ നിന്നും ചെങ്ങളായിയിലേക്ക് പരിപ്പായി വഴി രണ്ട് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കും. തുടർന്ന് നിലവിലെ വളക്കൈ ഫീഡറിനെ വിഭജിച്ച് പുതിയ ചുഴലി ഫീഡർ നിർമിക്കുകയും ചെയ്യുന്നതാണ് പദ്ധതി. 3.5 കിലോമീറ്റർ കേബിളാണ് ഇതിനായി ഉപയോഗിക്കുക. 1.75 കോടി രൂപ പ്രവൃത്തിക്കായി നീക്കിവെച്ചിട്ടുണ്ട്. ഈ മാസം തന്നെ കേബിൾ പണി തുടങ്ങുമെന്ന് അസി. എൻജിനീയർ എ. പത്മനാഭൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.