നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി
text_fieldsകണ്ണൂർ: നാല് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്. ഉച്ചക്ക് 12.35ഓടെയാണ് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ രാഷ്‌ട്രപതി മട്ടന്നൂരിൽ ഇറങ്ങിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഇന്ത്യൻ നാവിക അക്കാദമി റിയർ അഡ്മിറൽ എ.എൻ പ്രമോദ്, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. മിനി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവർക്ക് ഒപ്പമാണ് രാഷ്‌ട്രപതി എത്തിയത്.
തുടർന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ കാസർകോട് പെരിയയിൽ നടക്കുന്ന കേരള കേന്ദ്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനായി തിരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എം.വി.ഗോവിന്ദൻ മാസ്റ്റർ എന്നിവർ രാഷ്ട്രപതിയുടെ ഒപ്പം പെരിയയിലേക്ക് പോയി. ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം കൊച്ചി നേവൽ എയർബേസിലെത്തും.
22ന് രാവിലെ ദക്ഷിണ മേഖലാ നാവിക കമാൻഡിൻെറ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് വിക്രാന്ത് സെൽ സന്ദർശിക്കും. 23ന് രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം രാഷ്ട്രപതി നിർവഹിക്കും. 24ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.