ഇരതേടി മരംകയറി പെരുമ്പാമ്പ് കുടുങ്ങി; ഒടുവിൽ താഴെയിറക്കി
text_fieldsകണ്ണൂർ: ഇരതേടി വൻമരം കയറി കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കക്കാട് പാലക്കാട് സ്വാമി മഠത്തിനടുത്ത് പുഴാതി ഹൗസിങ് കോളനിയിലെ മരത്തിൽ കുടുങ്ങിയ പെരുമ്പാമ്പിനെയാണ് താഴെയിറക്കിയത്. മൂന്നുദിവസം കക്കാട്ടുകാരുടെ ഉറക്കം കെടുത്തിയാണ് പാമ്പ് മരത്തിൽ കഴിഞ്ഞത്. ശ്രമകരമായ ദൗത്യത്തിലൂടെ മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്) പ്രവർത്തകർ ബുധനാഴ്ച ഉച്ചയോടെ താഴെയിറക്കി. ഇരയെ പിന്തുടർന്നാണ് ഉയരം നോക്കാതെ പെരുമ്പാമ്പ് മരം കയറിയത്. സാധാരണയെന്നപോലെ സ്വയം താഴെയിറങ്ങുമെന്നാണ് കരുതിയത്. വള്ളിക്കെട്ടുകൾ നിറഞ്ഞ് 30 അടിയിലേറെ ഉയരമുള്ള മരത്തിൽ നീങ്ങാനാവാത്ത നിലയിലായി. തലക്കുമീതെ പാമ്പായതോടെ ഇതുവഴി പോകുന്നവരുടെ നെഞ്ചിടിപ്പേറി. ചൊവ്വാഴ്ച രാത്രിയാണ് സമീപവാസികൾ പെരുമ്പാമ്പിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് രാത്രിതന്നെ മാർക്ക് അംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടും മഴയുമായതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല.
രാവിലെ 10 മുതലാണ് മിഷൻ പെരുമ്പാമ്പ് തുടങ്ങിയത്. വള്ളിപ്പടർപ്പുള്ള മരത്തിൽ കയറുക പ്രയാസമായിരുന്നു. പാമ്പിനെ പിടിച്ചതോടെ വള്ളിപ്പടർപ്പിൽ ചൊറയാൻ തുടങ്ങി. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. നിറയെ ഉറുമ്പുകളും മരത്തിലുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം കഷ്ടപ്പെട്ട് വള്ളി മുറിച്ചുമാറ്റി. വൻമരമായതിനാൽ ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തകർ പാമ്പിനെ താഴെയിറക്കിയത്. മാർക് പ്രവർത്തകരായ വിജിലേഷ് കോടിയേരി, ഷാജി ബക്കളം, സന്ദീപ് ചക്കരക്കല്ല്, ജിഷ്ണു, രജിത്ത് നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഏണിയും കയറുകളും അടക്കമുള്ള ഉപകരണങ്ങളുമായി കണ്ണൂർ അഗ്നിരക്ഷ സേനാംഗങ്ങളും സഹായത്തിനെത്തി. തളിപ്പറമ്പ് ഫോറസ്റ്റ് ഡിവിഷനിൽ ഏൽപിച്ച പാമ്പിനെ വനംവകുപ്പ് ജീവനക്കാർ പിന്നീട് അതിന്റെ ആവാസ വ്യവസ്ഥയിൽ തുറന്നുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.