മഴയെത്തുന്നു; രോഗങ്ങൾ തടയാൻ കരുതൽ വേണം
text_fieldsകണ്ണൂർ: വേനൽ മഴ സജീവമായതോടെ കൊതുക്, ജലജന്യ രോഗങ്ങളെ കരുതിയിരിക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാണ്. വേനൽമഴക്ക് പിന്നാലെ രണ്ടാഴ്ചക്കുള്ളിൽ കാലവർഷവും എത്തും.
മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക, വെസ്റ്റ്നൈല്‍ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. കൊതുക് നിര്‍മാര്‍ജനമാണ് പ്രധാന പ്രതിരോധ മാര്‍ഗം. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കി ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധന ഉണ്ടാകുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 1149 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. കഴിഞ്ഞവർഷം 79 പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായി.
കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയെന്നാണ് പ്രധാനം. റഫ്രിജറേറ്ററിന്റെ പിറകുവശത്തുള്ള ട്രേയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ കളയുക, കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ അടച്ച് സൂക്ഷിക്കുക, കുടിവെള്ളം ശേഖരിക്കുന്ന പാത്രത്തിന്റെ ഉള്‍ഭാഗം ആഴ്ചയിലൊരിക്കല്‍ ഉരച്ച് കഴുകുക, മണി പ്ലാന്റുകള്‍ വെള്ളത്തില്‍ ഇട്ടുവെക്കുന്നതിനു പകരം ചട്ടിയിലോ ജാറിലോ മണ്ണിട്ട് അതില്‍ കുഴിച്ചിടുക, വീടിന് ചുറ്റും അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, കുപ്പികള്‍, ടയര്‍, മുട്ടത്തോടുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ശേഖരിച്ച് മഴവെള്ളം വീഴാതെ വെക്കുക, മരക്കുറ്റികളും മരപ്പൊത്തുകളും മണ്ണിട്ട് നിറക്കുക, സണ്‍ഷെയ്ഡ്, ടെറസ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുക, സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസറ്റ് അടച്ചുവെക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചാല്‍ വീടും പരിസരവും കൊതുക് വളരുന്ന ഇടമാകാതെ സൂക്ഷിക്കാം.
ക്യൂലക്സ് കൊതുക് പരത്തുന്ന പകര്‍ച്ച വ്യാധിയായ വെസ്റ്റ് നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൊതുക് കടി ഏല്‍ക്കാതിരിക്കുക എന്നതാണ്. കൊതുകുവല ഉപയോഗിക്കുക, കൊതുകിനെതിരായ ലേപനങ്ങള്‍ പുരട്ടക, ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക എന്നിവ പ്രതിരോധത്തിന് ആവശ്യമാണ്.
കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കുകയും വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുകയും വേണം. പന്നി, കന്നുകാലികള്‍, കൊക്ക് വിഭാഗത്തില്‍പ്പെട്ട പക്ഷികള്‍ എന്നിവയിലാണ് ജപ്പാന് ജ്വര രോഗാണു കാണുന്നത്. ക്യൂലക്സ്, മാന്‍സോണിയ വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് രോഗാണു മനുഷ്യരില്‍ പ്രവേശിക്കുന്നത്. കടുത്ത പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങള്‍, അവയവങ്ങള്‍ക്ക് തളര്‍ച്ച, അബോധാവസ്ഥ എന്നിവയാണ് ജപ്പാന് ജ്വരത്തിന്റെ ലക്ഷണങ്ങള്‍. മഞ്ഞപ്പിത്ത ബാധയും ജില്ലയിൽ വർധിക്കുന്നുണ്ട്. 150ലേറെ പേർക്കാണ് ഈവർഷം രോഗബാധയുണ്ടായത്.
എലിപ്പനി വരാതെ നോക്കാം
മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ളതിനാൽ എലിപ്പനി കേസുകളും വർധിക്കാനിടയുണ്ട്. എലി മൂത്രം കലരാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുന്നത് ഒഴിവാക്കുകയാണ് പ്രധാനം. ശരീരത്തില്‍ മുറിവോ വിണ്ട് കീറിയ പാദങ്ങളോ ഉള്ളവര്‍ എലി മൂത്രം കലര്‍ന്ന വെള്ളത്തില്‍ കാല്‍വെക്കുകയോ കുളിക്കുകയോ ചെയ്താല്‍ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കും. അതിനാല്‍ ഇത്തരമാളുകള്‍ മലിന ജലത്തില്‍ ചവിട്ടുന്നത് പോലും ഒഴിവാക്കണം. കണ്ണുകള്‍, വായ എന്നിവയിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം.എലി പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കുക, ശരീരത്തില്‍ മുറിവ്, വിണ്ടുകീറിയ പാദം എന്നിവ ഉള്ളവര്‍ മലിന ജല സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് എലിപ്പനി പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനും മഴക്കാല പൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുമായി ഏകോപിച്ച് നടപ്പിലാക്കുന്നതിനുമായി എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.