ആരവം നിലച്ച് രാജീവ്ഗാന്ധി സ്റ്റേഡിയം
text_fieldsകണ്ണൂർ: കളിയാരവമില്ലാതെ രാജീവ്ഗാന്ധി സ്റ്റേഡിയം കണ്ണൂരിന്‍റെ കായിക ഭൂപടത്തിൽനിന്ന് മായുകയാണ്. കോർപറേഷന്‍റെ അധീനതയിലുള്ള കണ്ണൂർ മരക്കാര്‍കണ്ടിയിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിനോടാണ് തീർത്തും അവഗണന.
ജവഹര്‍ സ്റ്റേഡിയത്തിന്‍റെ അവഗണനക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുമ്പോഴും ഈ സ്റ്റേഡിയത്തിന്‍റെ ശോച്യാവസ്ഥയുടെ പരിഹാരത്തിന് ഒരു നടപടിയും ഇതുവരെയായി സ്വകീരിച്ചിട്ടില്ല. എൽ.ഡി.എഫിലെ ഇ.പി. ലത മേയറായിരുന്ന കാലത്ത് ഒരുകോടി ചെലവഴിച്ചാണ് സ്റ്റേഡിയത്തിൽ കൂടുതൽ സൗകര്യമൊരുക്കി ഉദ്ഘാടനം ചെയ്തത്. ഇതിന്‍റെ ഭാഗമായി പവലിയൻ, ഫ്ലഡ്ലൈറ്റ്, ശൗചാലയം എന്നിവ ഒരുക്കിയിരുന്നു.
ആദ്യഘട്ടത്തിൽ പ്രദേശത്തെ ക്ലബുകളെയെല്ലാം ഉൾപ്പെടുത്തി സ്റ്റേഡിയം പരിപാലനത്തിന് പ്രാദേശിക സമിതിയൊക്കെ നിലവിൽ വന്നിരുന്നു. എന്നാൽ, പിന്നീട് ഇതിന്‍റെ പ്രവർത്തനമെല്ലാം നിർജീവമായി. ഇതോടെ സ്റ്റേഡിയം ആരും തിരിഞ്ഞുനോക്കാതെയായി. ഫ്ലഡ്ലൈറ്റുകളെല്ലാം സ്ഥാപിച്ചിരുന്നെങ്കിലും പ്രധാനപ്പെട്ട ഒരു സ്പോർട്സ് ഇനത്തിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചില്ല.
തുടർന്ന് പവലിയന്‍റെ പലഭാഗങ്ങളിലും കാടുപിടിച്ചുതുടങ്ങി. രാത്രിയായാൽ സ്റ്റേഡിയം പരിസരം സാമൂഹിക വിരുദ്ധരുടെ താവളവുമായി. ഇതേത്തടർന്ന് ഈയിടെയാണ് പവലിയനിലെ കാട് വെട്ടിത്തെളിച്ചത്. ദീർഘകാലം ഉപയോഗിക്കാത്തതിനെ തുടർന്ന് ഫ്ലഡ്ലൈറ്റുകൾ ഇപ്പോൾ കത്താത്ത അവസ്ഥയാണ്. സ്റ്റേഡിയം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ, സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനുള്ള നീക്കമുണ്ട്.
പ്രവർത്തനം നല്ല രീതിയിൽ -ടി.ഒ. മോഹനൻ (മേയർ)
രാജീവ്ഗാന്ധി സ്റ്റേഡിയത്തിന്‍റെ പ്രവർത്തനം നല്ല രീതിയിലാണ്. പവലിയനിലെ കാട് വെട്ടിത്തെളിച്ച് ശുചീകരിച്ചിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. പ്രദശേവാസികൾ വൈകുന്നേരങ്ങളിൽ കളികൾക്ക് സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ട്. ഫ്ലഡ്ലൈറ്റുകൾ ഉപയോഗയോഗ്യമാണോ എന്ന കാര്യം അറിയില്ല. ഇക്കാര്യം പരിശോധിച്ചാൽ മാത്രമേ പറയാൻ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.