കോടികൾ ചെലവിട്ട് നിർമാണം വേനൽമഴയിൽ റോഡ് ഒലിച്ചുപോയി
text_fieldsഇരിട്ടി: നിർമാണം അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുന്ന എടൂർ- അങ്ങാടിക്കടവ്- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡിന്റെ ഒരു ഭാഗം കനത്ത മഴയിൽ ഒഴുകിപ്പോയി. പാലത്തുംകടവ് പള്ളിക്ക് സമീപം അര മീറ്റർ മുതൽ ഒരു മീറ്റർ വരെ വീതിയിലും 50 മീറ്റർ നീളത്തിലുമാണ് മെക്കാഡം ടാർ റോഡ് ഒഴുകിപ്പോയത്. പ്രളയത്തെ അതിജീവിക്കാൻ ശേഷിയുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെട്ട റോഡിനാണ് ഈ ദുർഗതി. ഉരുൾപെട്ടലിനെ പോലും പ്രതിരോധിക്കും വിധം വിദേശ സാങ്കേതിക സഹായത്തോടെ നിർമിക്കുന്ന 24.45 കിലോമീറ്റർ റോഡിന് സർക്കാർ 126 കോടി രൂപയാണ് അനുവദിച്ചത്. ഒരു കനത്ത മഴയെപോലും പ്രതിരോധിക്കാനുള്ള ശേഷി റോഡിനില്ലെന്നാണ് തകർച്ച കാണിക്കുന്നത്.
നിർമാണത്തിന്റെ തുടക്കം മുതൽ പ്രദേശവാസികൾ വൻ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഒറ്റ മഴയിൽ തന്നെ റോഡിന്റെ ഉപരിതലം ഒഴുകിപ്പോയത് ജനങ്ങളുടെ ആശങ്ക ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. പാലത്തുംകടവിലും മുടിക്കയം ഭാഗത്തും റോഡിന്റെ അരികും ഒഴുകിപോയി. എടൂരിൽ നിന്ന് കമ്പനി നിരത്ത്, ആനപ്പന്തി, അങ്ങാടിക്കടവ്, വാണിയപ്പാറ, ചരൾ, വളവുപാറ, കച്ചേരികടവ് പാലത്തുംകടവ് റോഡിന് റീബിൽഡ് കേരളയിൽ നിന്നാണ് പണം അനുവദിച്ചത്. ഈ പദ്ധതിയിൽ ജില്ലക്ക് ലഭിച്ച ഏക റോഡും ഇതായിരുന്നു. ഒരു കിലോമീറ്റർ റോഡ് നിർമാണത്തിന് അഞ്ചുകോടിയിൽ അധികം രൂപയാണ് വിനിയോഗിക്കുന്നത്. ജനങ്ങൾ സൗജന്യമായി ഭൂമി നൽകിയിട്ടും ഒരു കിലോമീറ്റർ റോഡിന് ഇത്രയും ഭീമമായ തുക അനുവദിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. പോരായ്മകൾ പരിഹരിക്കും എന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.
കോടികൾ മുടക്കി നിർമ്മാണം പുരോഗമിക്കുന്ന റോഡിലെ ഓവുചാലുകൾ എല്ലാം നോക്കുത്തിയായി മാറുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ വേനൽ മഴയിൽ വെള്ളം മുഴുവൻ റോഡിലൂടെയാണ് കുത്തിയൊഴുകിയത്. ഓവുചാലിലേക്ക് വെള്ളം ഒഴുകിപോകേണ്ട ഭാഗം റോഡിനേക്കാൾ പൊക്കത്തിലാണ് നിർമിച്ചിരിക്കുന്നത്. ഫലത്തിൽ ഓവുചാലുകൊണ്ട് ഒരു പ്രയോജനവും ഇല്ല. കരാർ കമ്പനിയെ തോന്നിയ പോലെ നിർമാണത്തിന് വിട്ട് കെ.എസ്.ടി.പി എൻജിനീയറിങ് വിഭാഗം കാണിച്ച നിസംഗതയാണ് എല്ലാ അപാകതക്കും കാരണം. സൈറ്റ് സന്ദർശനം പോലും മിക്ക ദിവസങ്ങളിലും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സണ്ണി ജോസഫ് എം.എൽ.എയും മറ്റ് ജനപ്രതിനിധികളും റോഡ് തകർന്ന ഭാഗങ്ങളിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.