ആ 'അമ്മയും കുഞ്ഞും' മണ്ണടിയില്ല
text_fieldsകണ്ണൂർ: പയ്യാമ്പലം പാർക്കിലെ ശിൽപങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് കലക്ടറുടെ ഉറപ്പ്. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ മണ്ണിൽ തീർത്ത അമ്മയും കുഞ്ഞും ശിൽപമാണ് കാടുമൂടി നാശത്തിന്‍റെ വക്കിലായത്. ശിൽപത്തിന്‍റെ ദുരവസ്ഥ സംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് ലളിതകല അക്കാദമി ഭാരവാഹികൾ സംഭവത്തിൽ തുടർനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ല കലക്ടറെ സമീപിച്ചത്.
കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചിരോത്ത്, വൈസ് ചെയർമാൻ എബി എൻ. ജോസഫ്, അംഗം ഉണ്ണി കാനായി എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപങ്ങൾ സന്ദർശിച്ചത്. പയ്യാമ്പലത്തെ കാനായി കുഞ്ഞിരാമൻ മണ്ണിൽ തീർത്ത അമ്മയും കുഞ്ഞും, 'റിലാക്സിങ്' ശിൽപങ്ങളാണ് സംരക്ഷിക്കപ്പെടാതെ നശിക്കുന്നത്. കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ച മനോഹരവും കൗതുകവുമായ ശിൽപം കാണാൻ ജില്ലയിൽനിന്നും പുറത്തുനിന്നുമടക്കമുള്ള സഞ്ചാരികൾ ഏറെയെത്തിയിരുന്നു. ആദ്യമൊക്കെ നവീകരണവും പരിപാലനവുമൊക്കെ കൃത്യമായി നടന്നിരുന്നെങ്കിലും കോവിഡ് കാലത്തടക്കം ഇതെല്ലാം നിലക്കുകയായിരുന്നു. ഇതോടെ മൺശിൽപത്തിൽ പുല്ലും കാടും നിറഞ്ഞ് തിരിച്ചറിയാതായി.
കുട്ടികളുടെ പാർക്കിൽ കാടുമൂടിക്കിടക്കുന്ന നിലയിലാണ് ശിൽപമിപ്പോൾ. 'റിലാക്സിങ്' ശിൽപം നിർമിച്ച സ്ഥലത്ത് അഡ്വഞ്ചർ പാർക്കിനാവശ്യമായ നിർമാണപ്രവൃത്തിയാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനുള്ള റോപ് വേ നിർമാണമാണ് ഇവിടെ പുരോഗമിക്കുന്നത്. ഇതിനാവശ്യമായ ടവർനിർമാണം അന്തിമഘട്ടത്തിലാണ്. ഇതോടെ ഈ ഭാഗത്തേക്കും സഞ്ചാരികൾ അധികം എത്താത്ത സ്ഥിതിയാണ്. ടൂറിസം പ്രമോഷൻ കൗൺസിലാണ് റോപ് വേ നിർമിക്കുന്നത്. ഈ നിർമാണപ്രവൃത്തികളെല്ലാം ശിൽപങ്ങളുടെ നാശത്തിന് കാരണമാകുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അക്കാദമി ഭാരവാഹികൾ കലക്ടർക്ക് നിവേദനം നൽകിയത്. ശിൽപങ്ങൾ പരിപാലിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, സാംസ്കാരിക മന്ത്രി സജി ചെറിയാൻ എന്നിവർക്കും അക്കാദമി ഭാരവാഹികൾ കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.