കാടുമൂടിയ ഭൂമിയിൽ നൂറുമേനി വിളകൊയ്യാൻ ആറംഗ സംഘം
text_fieldsഅഞ്ചരക്കണ്ടി: കാടുമൂടിക്കിടന്ന ഏക്കർകണക്കിന് വയലുകൾ വെടിപ്പാക്കി നെൽകൃഷി ഇറക്കുകയാണ് പാളയത്തിലെ കൂട്ടായ്മ. പെരളശ്ശേരി പഞ്ചായത്തിൽപെട്ട പലേരിവയലിൽ വർഷങ്ങളായി തരിശിട്ട 12 ഏക്കർ വയൽഭാഗം പാട്ടത്തിനെടുത്താണ് രണ്ടാം വിള നെൽകൃഷി തുടങ്ങിയത്. തരിശുപാടങ്ങൾ മാറ്റി കൃഷി തുടങ്ങാൻ പഞ്ചായത്തും കൃഷിഭവനും ആവശ്യപ്പെട്ടപ്രകാരമാണ് ആറംഗ കൂട്ടായ്മ ഇതിന് തയാറായത്. വി. രമേശൻ, റിട്ട. എസ്.ഐ കെ. പവിത്രൻ, റിട്ട. പ്രധാനാധ്യാപകൻ കെ. പ്രകാശൻ, പി.എം. സുരേശൻ, പി.വി. ശശീന്ദ്രൻ, കണ്ട്യത്ത് ശശി എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പ്രദേശത്തിന് മാതൃകയായി കൃഷി ഇറക്കിയത്. കൂട്ടായ്മയിലുള്ള ആറുപേരും മുഴുവൻ സമയവും കൃഷിപ്രവൃത്തിക്കായി മാറ്റിവെച്ചിരിക്കുകയാണ്.
യന്ത്രം ഉപയോഗിച്ച് ഒരുമാസത്തിലധികം സമയമെടുത്ത് കാടു നീക്കിയാണ് വയൽ കൃഷിക്ക് യോഗ്യമാക്കിയത്. ഉമ നെൽവിത്താണ് രണ്ടാം വിള കൃഷിക്കായി ഉപയോഗിച്ചത്. തരിശുനില കൃഷിക്കായി സർക്കാറിെൻറ സാമ്പത്തിക സഹായമുണ്ടെങ്കിലും വലിയ ചെലവ് വരുന്നതിനാൽ ഇവർ തന്നെയാണ് ഒരു പരിധി വരെയുള്ള ജോലികൾ നിർവഹിച്ചത്. നടീലിനും മറ്റു ജോലികൾക്കുമായി ആറു സ്ത്രീകളും ഇവർക്കൊപ്പമുണ്ട്. ഒക്ടോബറിൽ ഞാറ്റടി തയാറാക്കൽ തുടങ്ങി. തളിപ്പറമ്പിൽനിന്നുള്ള സംഘമാണ് ഞാറ്റടി തയാറാക്കാൻ എത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഞാറുനടീൽ തുടങ്ങി. യന്ത്രമുപയോഗിച്ചും ഞാറുനടീൽ നടക്കുന്നുണ്ട്. അമിത രാസവളത്തിെൻറ ഉപയോഗം ഒഴിവാക്കി ജൈവവളം കൂടുതൽ ചേർത്തുള്ള വളപ്രയോഗമാണ് നടത്തുന്നത്.
ഒരു ഹെക്ടറിന് സർക്കാർ വക 17,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഭൂവുടമകൾക്ക് 2500 രൂപ ലഭിക്കും. മാത്രമല്ല, പാട്ടം വകയുള്ള തുകയും ഉടമക്ക് ലഭിക്കുന്നു. ചെലവുകുറഞ്ഞ രീതിയിൽ യന്ത്രങ്ങളുപയോഗിക്കുന്നതിനാൽ ജോലി വേഗത്തിൽ പൂർത്തിയാക്കാനും കഴിയുന്നുണ്ടെന്ന് ഇവർ പറഞ്ഞു. ജനുവരിയൽ കൊയ്ത്ത് നടത്താൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.