പീഡനത്തിനിരയായ എഴുപതുകാരിയുടെ ആത്മഹത്യ: വിചാരണ ഇന്നു മുതൽ
text_fieldsകണ്ണൂർ: ലൈംഗിക പീഡനത്തിനിരയായ വയോധിക ആത്മഹത്യ ചെയ്ത കേസിൽ ചൊവ്വാഴ്ച വിചരാണക്ക് തുടക്കമാകും. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ 70കാരിയാണ് ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. അഞ്ചു വർഷത്തിന് ശേഷം തലശ്ശേരി സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.
കേസിന്റെ പ്രാധാന്യം പരിഗണിച്ച് മുൻ ജില്ല ഗവ. പ്ലീഡറും ക്രിമിനൽ അഭിഭാഷകനുമായ ബി.പി. ശശീന്ദ്രനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചിരുന്നു.
2017 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനാണ് പ്രതി. വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീയെ രാജീവൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിന് ശേഷം മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തുകയും പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി അറസ്റ്റിലാവുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.