ടാങ്കർ ഹോട്ടലിലേക്ക് ഇടിച്ചുകയറി
text_fieldsകണ്ണൂർ: കണ്ണൂരിൽ വീണ്ടും ടാങ്കർ അപകടം. ദേശീയപാതയിൽ പുതിയ തെരുവിലാണ് പാചകവാതക ടാങ്കർ അപകടത്തിൽപെട്ടത്.ചൊവ്വാഴ്ച പുലർച്ച നാേലാടെ നിയന്ത്രണംവിട്ട ടാങ്കർ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ചിറക്കൽ ധനരാജ് തിയറ്ററിന് മുൻവശത്തെ തലശ്ശേരി ഹോട്ടലിലേക്കാണ് ടാങ്കർ പാഞ്ഞുകയറിയത്. ഹോട്ടൽ പൂർണമായും തകർന്നു.
ചേളാരിയിൽനിന്ന് പാചകവാതകം നിറക്കാനായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു ടാങ്കർ. ടാങ്കറിൽ പാചകവാതകം ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. അമിതവേഗതയാണ് അപകടത്തിന് കാരണം.
ആശങ്കയായി ടാങ്കർ അപകടങ്ങൾ
കണ്ണൂർ: ദേശീയപാതയിൽ തുടർച്ചയായുണ്ടാകുന്ന പാചകവാതക ടാങ്കർ അപകടങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്കയേറ്റുന്നു. 2012 ആഗസ്റ്റ് 27ന് രാത്രിയുണ്ടായ ടാങ്കർ അപകടത്തിൽ 20 പേർ മരിക്കാനിടയായ സംഭവം ഇപ്പോഴും ദു:സ്വപ്നമായി മാറിയ ജനങ്ങളുടെ മനസ്സിൽ ഒാരോ ടാങ്കർ അപകടങ്ങളും തീ കോരിയിടുകയാണ്.
മേയ് ആറിനു ചാലയിലുണ്ടായ ടാങ്കർ അപകടം ഒരുരാത്രി മുഴുവൻ ജില്ലയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് കടന്നുപോയത്. അന്ന് ടാങ്കറിൽ നിന്നുണ്ടായ ചോർച്ച നിയന്ത്രിക്കാൻ അഗ്നിശമനസേനക്കും പൊലീസിനും കഴിഞ്ഞതിനാലാണ് വലിയ ദുരന്ത സാധ്യത തന്നെ തട്ടിയകറ്റാനായത്.
ഇൗ സംഭവം കഴിഞ്ഞ് പത്താം ദിവസമാണ് മേലെചൊവ്വ ഇറക്കത്തിൽ നിയന്ത്രണം വിട്ട ടാങ്കർ അപകടത്തിൽ പെട്ടത്. പാചകവാതകവുമായി വന്ന ടാങ്കറായിരുന്നു അപകടത്തിൽപെട്ടത്. ചോർച്ച ഉണ്ടാകാത്തതിനെ തുടർന്ന് അതും വലിയ അപകടമാകാതെ മാറി.
പുതിയതെരുവിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽപെട്ടത് പാചക വാതകം നിറക്കാനായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കറായിരുന്നു. അതുകൊണ്ടുതന്നെ അവിടെയും വൻ ദുരന്തം വഴിമാറി. ലോക്ഡൗൺ കാരണം പൊതുവേ റോഡിൽ വാഹനങ്ങൾ കുറവാണ്. ഇതുകാരണം ടാങ്കറുകൾ അമിത വേഗതയിലാണ് പോകുന്നത്. രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്ങും അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണം.
തുടർച്ചയായി ഉണ്ടാകുന്ന ടാങ്കർ ലോറി അപകടത്തിെൻറ പശ്ചാത്തലത്തിൽ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. ടാങ്കർ ലോറികൾ മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയാണ് പൊലീസ് നടത്തുന്നത്. കണ്ണൂർ എ.സി.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ താണയിൽ ടാങ്കർ ലോറികളുടെ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.