മരവ്യവസായം പ്രതിസന്ധിയിൽ; നിലനിൽപിന് വഴിതേടുന്നു
text_fieldsകണ്ണൂർ: പ്രതിസന്ധിയിലായ സംസ്ഥാനത്തെ മരവ്യവസായം പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ വഴിതേടുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുൾപ്പെടെ വിവിധയിനം മര ഉരുപ്പടികളും മരത്തിന് പകരം വെക്കാവുന്നവയുടെ വ്യാപനവും മരവ്യവസായത്തിന്റെ കഴുത്ത് ഞെരുക്കുകയാണ്. സർക്കാർ അനുമതിയോടെയാണ് ഇത്തരം മരമില്ലുകൾ പ്രവർത്തിക്കുന്നത്.
എന്നാൽ, മില്ലുകൾക്ക് മരത്തിന്റെ ഉപയോഗം കുറവായതിനാൽ തൊഴിൽ ദിനങ്ങൾ കുറയുകയും മാസത്തിൽ 15 ദിവസം പോലും തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് മരവ്യവസായം കടന്നുപോകുന്നത്.
സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെയും സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെയും നിബന്ധനകൾ പാലിച്ച് മുന്നോട്ട് പോകുന്ന സോമില്ലുകൾ നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് അഭിമുഖീകരിക്കുന്നത്. നിലവിലുള്ള കാറ്റഗറി ഒന്നിൽപ്പെട്ട സോമില്ലുകൾക്ക് മാത്രം എച്ച്.പി വർധിപ്പിക്കുന്നതിന് അനുവാദം സർക്കാർ നൽകാത്തതാണ് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. മറ്റു കാറ്റഗറികൾക്ക് അനുവദിച്ചത് പോലെ ബാൻസോ റീസോ മെഷിനുകൾക്കല്ലാതെ പ്ലൈനർ കട്ടിങ്, മെഷിൻ ട്രോളി എന്നിവ തുടങ്ങുന്നതിനും പുതിയ ടെക്നോളജിയിലേക്ക് മെഷിനറികൾ മാറ്റം വരുത്തുന്നതിന്നും ഓരോ സ്ഥാപനത്തിനും 40 എച്ച്.പി വീതം അനുവദിച്ചാൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മരവ്യവസായികൾ.
2002ന് ശേഷം കേരളത്തിൽ 2009 വരെ മുഴുവൻ രേഖകളോടും കൂടി പ്രവർത്തിക്കുന്ന സോമില്ലുകൾക്ക് ഫോറസ്റ്റ് ലൈസൻസ് നൽകുന്നതിനാവശ്യമായ നിയമനിർമാണം നടത്തണമെന്ന വ്യവസായികളുടെ ആവശ്യത്തിനു നേരെ സർക്കാർ മുഖം തിരിച്ചുനിൽക്കുകയാണ്. ഈ സ്ഥിതിക്കും മാറ്റം ഉണ്ടാവേണ്ടതുണ്ട്.
നിലവിൽ ഫോറസ്റ്റ് റൂൾ പ്രകാരം മില്ലുകളിൽ സ്റ്റോക്ക് രജിസ്റ്റർ വെക്കണമെന്ന് നിയമമുണ്ട്. ഇത് വെക്കാത്തവർക്ക് ഫോറസ്റ്റ് ലൈസൻസ് പുതുക്കി നൽകുന്നില്ല. എന്നാൽ, സ്റ്റോക്ക് രജിസ്ട്രറിന് നൽകുന്ന ഫോമുകൾ പൂരിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പോലും അറിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് മില്ലുടമകൾക്ക് പൂരിപ്പിക്കാൻ കഴിയും വിധം ലഘൂകരിക്കേണ്ടതുണ്ട്.
പ്രതിസന്ധിയെ തുടർന്ന് സോമില്ലുകളിൽ അനുദിനം തൊഴിൽ അവസരം കുറയുന്നുണ്ട്. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് റബർ മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങൾ ട്രീറ്റ്മെന്റ് ചെയ്ത് കയറ്റി അയക്കുന്നതിന് അസോസിയേഷൻ ആലോചിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഇതിന് കേരളത്തിൽ ഓരോ ജില്ലയിലും ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തുനിന്നും സഹായം ലഭിക്കേണ്ടതുണ്ട്. കേരളത്തിൽ വഴിയോരങ്ങളിൽ ഡിപ്പോ രജിസ്ട്രേഷനോ ജി.എസ്.ടിയോ ഇല്ലാതെ മരങ്ങൾ ശേഖരിച്ച് അനധികൃതമായി അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് വ്യാപകമാണെന്ന് ഉടമകൾ പറയുന്നു. ഇതും മരവ്യവസായത്തിന്റെ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്.
സോഫ്റ്റ് വുഡ് ഉരുളൻ തടികളാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഇതും നിർത്തലാക്കി ഉരുപ്പടികൾ മാത്രം കയറ്റി അയക്കുന്നതിനുള്ള ഇടപെടലാണ് മര വ്യവസായികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സി.എൻ. അഹമ്മദ് കുട്ടി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.