മേലേചൊവ്വയിൽ റോഡുപണി തുടർന്ന് ട്രാഫിക് പൊലീസ്
text_fieldsകണ്ണൂർ: മേലേചൊവ്വയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ആദ്യം ലക്ഷ്യമിട്ടത് അടിപ്പാത. ഈ ലക്ഷ്യത്തോടെ സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്തപ്പോഴാണ് സാങ്കേതിക തടസ്സം നേരിട്ടത്. ചൊവ്വ കുടിവെള്ള ടാങ്കിലേക്ക് വിതരണവുമായി ബന്ധപ്പെട്ട വലിയ പൈപ്പ് ലൈനുകൾ അടിയിലൂടെ പോകുന്ന സാഹചര്യത്തിൽ അടിപ്പാത പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെ അടിപ്പാതക്കുപകരം മേൽപാലമെന്ന ആശയം രൂപപ്പെട്ടു.
പിന്നീട് ഇതിനായി അടുത്ത ശ്രമം. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഒന്നും നടന്നില്ല. ഗതാഗത കുരുക്ക് ദിനംപ്രതി കൂടുകയും ചെയ്തു. കെട്ടിടം പൊളിച്ചതോടെ ലഭിച്ച സ്ഥലം കൂടി ഉൾപ്പെടുത്തി താൽക്കാലിക റോഡ് നിർമിച്ച് കുരുക്കിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കണ്ണൂർ ട്രാഫിക്ക് പൊലീസ്. ഒരാഴ്ചയായി ട്രാഫിക്ക് എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഓണം സീസണിലെ ഗതാഗതക്കുരുക്കുകൂടി കണക്കിലെടുത്താണ് തങ്ങളുടെ ഉത്തരവാദിത്തം അല്ലാതിരുന്നിട്ടും പൊലീസ് ദൗത്യം ഏറ്റെടുത്ത് നടത്തുന്നത്. ദേശീയ പാതയുടെ പണി നടത്തുന്ന വിശ്വ സമുദ്രയുടെ സഹായത്തോടെയാണ് പൊലീസ് റോഡ് വീതി കൂട്ടുന്നത്. റോഡിന്റെ വീതി കൂട്ടൽ പ്രവൃത്തി നടത്തുന്ന ട്രാഫിക്പൊലീസിനെ സ്ഥലത്തെത്തിയ മേയർ മുസ്ലീഹ് മഠത്തിൽ അഭിനന്ദിച്ചു.
ട്രാഫിക് പൊലീസിന്റെ പ്രവൃത്തി മാതൃകാപരം -മേയർ
മേലേ ചൊവ്വയിൽ റോഡ് വീതി കൂട്ടി ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം കാണാനുള്ള ട്രാഫിക് പൊലീസിന്റെ പ്രവൃത്തി മാതൃകാപരമാണെന്ന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. അടിപ്പാത നിർമിച്ചു പരിഹാരം ഉണ്ടാക്കുമെന്നാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞത്.
സ്ഥലം ഏറ്റെടുക്കലും കെട്ടിടങ്ങൾ പൊളിച്ചുമാറ്റലും കഴിഞ്ഞിട്ടും മേൽപാലം പ്രവൃത്തി ഒന്നുമായിട്ടില്ല. ഏറ്റെടുത്ത സ്ഥലത്ത് റോഡ് നിർമിച്ചു പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് അടക്കം കത്ത് നൽകിയിട്ടുണ്ട്.
എന്നാൽ കണ്ണൂർ ട്രാഫിക് എസ്.ഐ സുരേഷ് കുമാറും അദ്ദേഹത്തിന്റെ സഹ പ്രവർത്തകരും ചേർന്ന് ഹൈവേ റോഡ് കരാറുകാരനായ വിശ്വ സമുദ്രയുമായി ബന്ധപ്പെട്ട് വീതി കൂട്ടിയ ഭാഗങ്ങളിൽ ജി.എസ്.പിയിട്ടു ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ദേശീയപാത ആയതുകൊണ്ട് കോർപറേഷന് അവിടെ പ്രവൃത്തി ചെയ്യാൻ കഴിയില്ല. കലക്ടർ ഇടപെട്ട് ടാറിങ് ചെയ്യാൻ നടപടി സ്വീകരിച്ചാൽ മേലെ ചൊവ്വയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മേയർ പറഞ്ഞു. മേയറും ഡെപ്യൂട്ടി മേയർ പി. ഇന്ദിരയും സ്ഥലത്തെത്തി.
ടെൻഡർ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാകും -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
മേലെ ചൊവ്വ മേൽപാലം നിർമാണത്തിന്റെ പ്രവൃത്തി ഉടനെ തുടങ്ങുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മൂന്ന് ടെൻഡറുകളാണ് ലഭിച്ചിട്ടുള്ളത്. ഒരാഴ്ചക്കകം ടെൻഡർ ഉറപ്പിക്കും. ടെക്നിക്കൽ കമ്മിറ്റി പരിശോധന നടക്കുന്നുണ്ട്. ഒരാഴ്ചക്കകം അത് പൂർത്തിയാകും. അതിനുശേഷം ടെൻഡർ ഉറപ്പിച്ച് നിർമാണ പ്രവൃത്തി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.