അടിപ്പാത റെഡി, പക്ഷേ ബസ് കടക്കില്ല
text_fieldsധർമശാല: ധർമശാല കെൽട്രോൺ നഗർ-കണ്ണപുരം റോഡിൽ അടിപ്പാത നിർമിക്കണമെന്നത് നാടിന്റെ ആവശ്യമായിരുന്നു. നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങിയതോടെ അടിപ്പാത അനുവദിക്കുകയും നിർമാണം അന്തിമഘട്ടത്തിലുമായി.
എന്നാൽ, ബസ് കടന്നുപോകാനാവാത്ത അടിപ്പാത എന്തിനാണെന്ന് ചോദിക്കുകയാണ് നാട്ടുകാർ. ദിവസേന 23 സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റൂട്ടിലാണ് ബസിന് കടന്നു പോകാനാകാത്ത അടിപ്പാത ഒരുങ്ങുന്നത്. നിർമാണം ഭൂരിഭാഗവും പൂർത്തിയായപ്പോഴാണ് വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയില്ലെന്ന് നാട്ടുകാർക്കും മനസ്സിലായത്. ഇതോടെ ഇതുവഴിയുള്ള ബസ് സർവിസ് വീണ്ടും ദുരിതത്തിലായി.
ദേശീയപാത അധികൃതർ പുറത്തുവിട്ട വിശദ പദ്ധതി രേഖയിൽ ധർമശാലയിൽ 70 മീറ്റർ നീളത്തിലുള്ള മേൽപ്പാലത്തിനാണ് അംഗീകാരം നൽകിയത്. കെൽട്രോൺ നഗറിൽ അടിപ്പാത എന്നത് രേഖയിലുണ്ടായിരുന്നില്ല. ബസ് കടന്നു പോകാൻ പാകത്തിൽ അടിപ്പാത അനുവദിച്ചുകിട്ടാനാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. ഇതിനായുള്ള പ്രതിഷേധങ്ങളും പരാതികളും ഉയർന്നതോടെയാണ് അടിപ്പാതക്ക് അധികൃതർ അംഗീകാരം നൽകിയത്.
എന്നാൽ, നാല് മീറ്റർ വീതിയിലും രണ്ടു മീറ്റർ ഉയരത്തിലും നിർമാണം തുടങ്ങിയ അടിപ്പാത അശാസ്ത്രീയമായതോടെ വീണ്ടും പ്രതിഷേധം ഉയർന്നു. നിർമാണത്തിനെതിരെ ബസ് തൊഴിലാളികളും നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിച്ചു. ബസ് ജീവനക്കാർ നിർമാണ സ്ഥലത്തിനരികിൽ മാർച്ചും ധർണയും നടത്തിയതോടെ എം.വി. ഗോവിന്ദൻ എം.എൽ.എ അടക്കം ഇടപ്പെട്ടാണ് പുതിയ അടിപ്പാത നിർമിക്കാൻ അധികൃതർ തയാറായത്. ഒടുവിൽ നാല് മീറ്റർ വീതിയിലും 3.5 മീറ്റർ ഉയരത്തിലും പുതിയ അടിപ്പാതയുടെ നിർമാണം ഏറെക്കുറെ പൂർത്തിയാക്കി.
വലുപ്പം ഇതൊന്നും പോര
ബസുകൾ അടക്കം വലിയ വാഹനങ്ങൾ കടന്നു പോകണമെങ്കിൽ ഏഴു മീറ്റർ വീതിയും നാലു മീറ്റർ ഉയരവുമുള്ള അടിപ്പാതയെങ്കിലും വേണം. 10 മീറ്റർ നീളവും 3.9 മീറ്റർ ഉയരവുമാണ് ശരാശരി ബസിന്റെ അളവ്. സർവിസ് റോഡിൽ നിന്നും ബസ് വളച്ചെടുക്കാൻ ഇത്രയും സൗകര്യം ലഭിച്ചാൽ പോലും പ്രയാസമാണ്. എന്നാൽ കെൽട്രോൺ നഗറിൽ നിലവിൽ നിർമിച്ചത് നാലു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ്. കണ്ണൂർ സർവകലാശാല കാമ്പസ്, സ്പോർട്സ് സ്കൂൾ, കെ.സി.സി.പി.എൽ. ഐ.ടി. പാർക്ക്, നീലിയാർ കോട്ടം, കണ്ണൂർ റൂറൽ പൊലീസ് ആസ്ഥാനം, വെള്ളിക്കീൽ ഇക്കോപാർക്ക്, കണ്ണപുരം റെയിൽവേ സ്റ്റേഷൻ, മാട്ടൂൽ, പഴയങ്ങാടി ഭാഗത്തെ നിരവധി സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിലേക്ക് നിലവിലുള്ള ദേശീയപാതയിൽ നിന്നും എളുപ്പത്തിൽ കടക്കാനുള്ള പ്രധാന മാർഗമാണ് അധികൃതരുടെ തീരുമാനത്തിൽ മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.