ആഞ്ഞടിച്ച് കാറ്റ്; വ്യാപക നാശം
text_fieldsകണ്ണൂർ: കനത്ത മഴയോടൊപ്പം വീശിയ ചുഴലിക്കാറ്റിൽ ജില്ലയിൽ വ്യാപക നാശം. ശക്തമായ മഴയിൽ തലശ്ശേരി താലൂക്കിൽ 34 വീടുകൾക്ക് നാശനഷ്ടം. ഒരു വീട് പൂർണമായും 33 വീടുകൾ ഭാഗികമായും തകർന്നു. ചുഴലിക്കാറ്റിൽ പന്ന്യന്നൂരിൽ 16 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 16 ഇലക്ട്രിക് പോസ്റ്റുകളും, മരങ്ങളും കടപുഴകി. വ്യാഴാഴ്ച ഉച്ചക്കു ശേഷമുണ്ടായ കാറ്റിലാണ് വൈദ്യുതി തൂണും മരങ്ങളും വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്. പിണറായി വില്ലേജിൽ ജസീന മൻസിലിലെ യമീമയുടെ വീട് ഭാഗികമായി തകർന്നു. കോടിയേരിയിൽ പരവന്റവിട വിശാലാക്ഷി, വാഴയിൽ വലിയപറമ്പത്ത് ശ്രീമതി, കല്ലിൽ വിശ്വനാഥൻ, ബാവീട്ടിൽ പാറു അമ്മ എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ചൊക്ലിയിലെ കുന്നുമ്മൽ നാരായണി, കൊളവല്ലൂരിലെ രാധ മടത്തിയുള്ളതി, തിരുവങ്ങാട്ടെ പുളിക്കൽ മുനീർ, മാങ്ങാട്ടിടത്തെ കെ.കെ. ആയിഷ എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ഇരിട്ടി താലൂക്കിലെ കരിവണ്ണൂർ മൊടച്ചാത്തി വീട്ടിൽ പി.വി. രാജേഷ്, മാട്ടറ വാഴയിൽ അബ്ദുള്ള എന്നിവരുടെ വീടുകൾ തെങ്ങ് വീണ് ഭാഗികമായി തകർന്നു.
തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജിൽ കരക്കാടൻ ജാനകിയുടെ വീട്, കുറ്റ്യേരി വില്ലേജിലെ വെള്ളാവിലെ ഷാജിയുടെ വീട്ടിലെ തൊഴുത്ത് എന്നിവ ഭാഗികമായി തകർന്നു. കണ്ണൂർ താലൂക്കിലെ അഴീക്കോട് സൗത്ത് വില്ലേജിലെ ചന്തുവിന്റെ വീട് ഭാഗികമായി തകർന്നു. തീരങ്ങളിൽ ജൂലൈ 15 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന ജാഗ്രത നിർദേശമുണ്ട്. ജില്ലയിൽ 17 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാനൂർ: പാനൂരിനടുത്ത ചമ്പാട് കുന്നോത്ത് പീടിക ഭാഗത്ത് വൻ ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെ 6.30 ഓടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. 14 ഓളം വൈദ്യുതി തൂണുകൾ തകർന്നു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരം വീണ് പറമ്പത്ത് മീത്തൽ കൗസല്യയുടെ വീട് ഭാഗികമായി തകർന്നു. പറമ്പത്ത് കിഴക്കയിൽ സി.കെ. ഗോപിനാഥൻ, വലിയ പറമ്പത്ത് പ്രേമൻ, എഴുത്തുപള്ളിയിൽ ഭാസ്കരൻ, പുതിയ വീട്ടിൽ താഴെക്കുനിയിൽ പുരുഷു, തുള്ളുവൻ പറമ്പത്ത് ചന്ദ്രൻ, കിളയുള്ള പറമ്പത്ത് സജിത്ത്, കൂറ്റേരി വീട്ടിൽ രാജീവൻ, ജാനകി പുരം രവീന്ദ്രൻ എന്നിവരുടെ വീടുകൾക്ക് മരം വീണ് കേടു പാട് സംഭവിച്ചു. പനയാട മുരളിയുടെ ഫാബ്രിക്കേഷൻ കടയും തകർന്നു. എഴുത്തുപള്ളിയിൽ ഭാസ്കരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 58 എ.ഡി 4238 നമ്പർ ബൈക്കും തകർന്നു. കേട്ടുകേൾവിയില്ലാത്ത ചുഴലിക്കാറ്റാണ് മേഖലയിലുണ്ടായതെന്ന് ജില്ല പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ പറഞ്ഞു.
സംഭവം കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നും നഷ്ടപരിഹാര സാധ്യതകൾ കണ്ടെത്തുമെന്നും പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജയും പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകനും പറഞ്ഞു. മനേക്കരയിലും നാശനഷ്ടമുണ്ടായി. വിദ്യാവിലാസിനി എൽ.പി സ്കൂളിന് മുകളിലും മരം വീണു. തൊട്ടടുത്ത അംഗൻവാടിക്കും കേടുപാടുകൾ പറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.