തീവണ്ടിയിലെ കവർച്ച; യുവാവ് അറസ്റ്റിൽ
text_fieldsകണ്ണൂർ: തീവണ്ടിയിലെ കവർച്ചയുമായി ബന്ധപ്പെട്ട് യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറനാട് എക്സ്പ്രസിൽ ജനുവരി 31ന് കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ഡോ. മുഹമ്മദ് ബാസിലിെൻറ ബാഗിൽനിന്ന് മൊബൈൽ ഫോണും 22,000 രൂപയും എ.ടി.എം കാർഡും കളവുചെയ്ത കേസിൽ മട്ടന്നൂർ സ്വദേശിയായ മുഹമ്മദ് ഷഹീറിനെയാണ് റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്.
തൃക്കരിപ്പൂർ കഴിഞ്ഞപ്പോഴാണ് മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും നഷ്ടപ്പെട്ട കാര്യം ഡോക്ടർ അറിയുന്നത്. തലശ്ശേരിക്കും പയ്യന്നൂരിനും ഇടയിലാണ് കളവ് നടന്നതെന്ന് ഡോക്ടർ റെയിൽവേ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
തുടർന്ന് പൊലീസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി പരിശോധിച്ചതിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പതിഞ്ഞിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷഹീർ അറസ്റ്റിലായത്.
മാഹിയിൽനിന്ന് ടിക്കറ്റെടുക്കാതെയാണ് ഷഹീർ ട്രെയിനിൽ കയറിയതെന്നും കണ്ണൂരാണ് ഇറങ്ങിയതെന്നും റെയിൽവേ പൊലീസ് എസ്.ഐ പി. നളിനാക്ഷൻ പറഞ്ഞു.
റെയിൽവേ പൊലീസ് എസ്.ഐമാരായ വി.വി. രാമചന്ദ്രൻ, രഞ്ചിത്ത്, പി.കെ. അക്ബർ, ആർ.പി.എഫ് സ്ക്വാഡിലെ ബിനീഷ്, അബ്ബാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.