കോർപറേഷൻ മേയർസ്ഥാനം വെച്ചുമാറുന്നത് ചർച്ചയാവുന്നു
text_fieldsകണ്ണൂർ: കോർപറേഷൻ മേയർസ്ഥാനത്ത് കോൺഗ്രസ് രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ പദവി വെച്ചുമാറുന്നത് സംബന്ധിച്ച് മുസ്ലിംലീഗിൽ ചർച്ച സജീവമാവുന്നു. രണ്ടര വർഷം വീതം അധ്യക്ഷ സ്ഥാനം പങ്കുവെക്കുകയെന്നതാണ് നേരത്തേ മുനിസിപ്പാലിറ്റി ആയിരുന്ന കാലത്ത് യു.ഡി.എഫിലെ കീഴ്വഴക്കം.
എന്നാൽ, കോർപറേഷൻ രൂപവത്കരിച്ചതോടെ മേയർസ്ഥാനം മൂന്നുവർഷം തങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് അനൗപചാരികമായി ആവശ്യപ്പെട്ടിരുന്നു. ഇത് മുസ്ലിം ലീഗ് അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ പിന്നീട് ചർച്ചയും നടന്നിട്ടില്ല.
ജൂൺ പൂർത്തിയാവുന്നതോടെ കോൺഗ്രസിലെ ടി.ഒ. മോഹനൻ മേയർ പദവിയിൽ രണ്ടര വർഷം പൂർത്തിയാകും. ഇതിനുശേഷം സ്ഥാനം വെച്ചുമാറണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഡി.സി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കോർപറേഷൻ പള്ളിപ്രം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽകരീം ചേലേരി പറഞ്ഞു.
മൂന്നുവർഷം എന്ന കോൺഗ്രസിന്റെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിക്കുകയാണെങ്കിൽ പാർട്ടിയിൽ പ്രതിഷേധസ്വരം ഉയരാനിടയുണ്ട്. മേയർസ്ഥാനം വെച്ചുമാറുന്നതോടെ മുസ്ലിം ലീഗിൽനിന്ന് ആർക്ക് നറുക്ക് വീഴുമെന്ന കാര്യവും പാർട്ടിയിൽ ചർച്ചയാവും.
മുസ്ലിഹ് മഠത്തിൽ, സിയാദ് തങ്ങൾ, പി. ഷമീമ ടീച്ചർ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ഇക്കാര്യത്തിൽ നേരത്തേ ധാരണയൊന്നുമില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. മേയർസ്ഥാനത്തേക്ക് എന്ന പേരിൽ ആരെയും മത്സരിപ്പിച്ചിട്ടില്ല. അവസരം ലഭിക്കുമ്പോൾ പാർലമെന്ററി പാർട്ടി ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.