നാടിന് തണലായി പകൽ വീട്
text_fieldsചൊക്ലി : മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവും ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ഒളവിലം പി. ഉമ്മർ ഹാജിയുടെ ഓർമക്കായി ഒരു കൂട്ടം സാമൂഹിക സ്നേഹികൾ ചേർന്ന് നിർമിച്ച പകൽ വീട് വയോജന വിനോദ കേന്ദ്രം ഒരു നാടിന് മുഴുവൻ അനുഗ്രഹമാവുകയാണ്. 2022 ജൂൺ അഞ്ചിന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്ത സ്ഥാപനം 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഉമ്മർ ഹാജിയുടെ പേരിലുള്ള 20 അംഗ ട്രസ്റ്റ് പണി കഴിപ്പിച്ചത്. ഒരു രൂപ പോലും പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാതെയാണ് സ്ഥാപനം നിർമിച്ചതും നാടിന് സമർപ്പിച്ചതും. പകൽ വീടിന്റെ സ്നേഹത്തണലിൽ ദിവസവും എട്ടു പേർ രാവിലെ 10 മണി മുതൽ ഉച്ച കഴിഞ്ഞ് മൂന്നു മണി വരെ ഇവിടെ അതിഥികളായുണ്ടാവും. അന്യത ബോധം അനുഭവപ്പെടുന്നവരും പുറംലോകവുമായി ബന്ധപ്പെടാനാകാതെ വീടുകളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവരുമായ ആളുകളാണ് ജനങ്ങളുമായി ഇടപെടാനും സക്രിയമായി സമയം ചെലവഴിക്കാനുമായി പകൽ വീട്ടിലെത്തുന്നത്. പത്രങ്ങൾ, മാസികകൾ, ടി.വി തുടങ്ങിയവ വായിക്കുകയും ആസ്വദിക്കുകയും വഴി സമയം ചെലവഴിക്കാനും പരസ്പരം ഇടപഴകാനുമായി ഇവിടെയെത്തുന്നവർക്ക് രണ്ടുനേരം ചായ, ഉച്ച ഭക്ഷണം തുടങ്ങി എല്ലാം സൗജന്യമാണ്. അതീവ സന്തോഷത്തോടെയാണ് ഇവിടെ കഴിയാറുള്ളതെന്ന് ഇവിടെയെത്തുന്ന അതിഥികൾ പറയുന്നു.
കേന്ദ്രം കൂടുതൽ ജനകീയമാക്കുന്നതിനായി ചൊക്ലി പഞ്ചായത്തിന്റെ സഹകരണത്തോടെ ജൂൺ അഞ്ചു മുതൽ ആഴ്ചയിൽ മൂന്നു ദിവസം ഡോ. എ.സി. അഞ്ജലിയുടെ നേതൃത്വത്തിൽ സൗജന്യ യോഗ ക്ലാസ് ആരംഭിക്കുന്നുണ്ട്. കൂടാതെ ഇതേദിവസം തന്നെ ആരോഗ്യ ക്ലിനിക്ക് ഉദ്ഘാടനവും നടക്കും. അലോപതി വിഭാഗത്തിൽ ഡോ. വി.കെ. റഹീമും ആയുർവേദ വിഭാഗത്തിൽ ഡോ. എ.സി. അഞ്ജലിയുമാണ് ആരോഗ്യ ക്ലിനിക്കിൽ പരിശോധന നടത്തുക. പി. മൊയ്തു ഹാജി, വി.കെ. ഖാലിദ്, പി.സി. അബ്ദുല്ല, കെ. അബ്ദുന്നസീർ, വി.പി. മുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള പി. ഉമ്മർ ഹാജി മെമ്മോറിയൽ ട്രസ്റ്റാണ് പകൽ വീടിന്റെ എല്ലാം ചെലവും വഹിക്കുന്നത്. ട്രസ്റ്റിന് ഭൗതിക സൗകര്യങ്ങളും മറ്റും ചെയ്യാനായി കെ.സി. രാജൻ മാസ്റ്റർ, സി. ഗംഗാധരൻ മാസ്റ്റർ, മിഫ്താഹ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സഹായ കമ്മിറ്റിയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.