ആരവങ്ങളില്ല; ഇവർ ജീവിതം നെയ്യുകയാണ്
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പ് ആരവങ്ങളെക്കാൾ ഉച്ചത്തിലാണ് പ്രാരാബ്ധത്തിെൻറ നൂലുകൾക്കിടയിലൂടെ ഓടം ഓടുന്നതിെൻറ ശബ്ദം. എത്രതന്നെ ചന്തംനിറച്ച് നെയ്തെടുത്തിട്ടും അടുക്കാത്ത ജീവിതനൂലിഴകളുമായി കഴിയുകയാണ് നെയ്ത്തുഗ്രാമങ്ങൾ. ഒാരോ തെരഞ്ഞെടുപ്പുകളും ഇവർക്ക് പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. പരമ്പരാഗത വ്യവസായങ്ങളില്‍ കൂടുതൽ തൊഴിലവസരവും വരുമാനവും തന്നിരുന്ന കൈത്തറിമേഖല ഇന്ന് തകർച്ചയുടെ വക്കിലാണ്.
തറിയുടെ നാടായി അറിയപ്പെടുന്ന കണ്ണൂരിലെ നെയ്ത്തുതെരുവുകളെല്ലാം ഒരുകാലത്ത് സജീവമായിരുന്നെങ്കിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇപ്പോൾ ഈ തൊഴിലെടുക്കുന്നത്. പതിയെ വസ്ത്രനിർമാണ മേഖലയിൽനിന്ന് കൈത്തറി പടിക്കുപുറത്താകാൻ തുടങ്ങി. വർഷങ്ങൾക്ക് മുമ്പ് തെരുവുകൾ നെയ്ത്തിനാൽ സമ്പന്നമായിരുന്നെങ്കിൽ ഇപ്പോൾ പഴയതലമുറ മാത്രമാണ് ഈ രംഗത്തുള്ളത്. വീടുകളിൽനിന്ന് മഗ്ഗങ്ങൾ (തുണികൾ നെയ്തെടുക്കാൻ പരമ്പരാഗത നെയ്ത്തുതൊഴിലാളികൾ ഉപയോഗിക്കുന്ന യന്ത്രം) അപ്രത്യക്ഷമായിരിക്കുന്നു. നെയ്ത്ത് പരമ്പരാഗത തൊഴിലായി സ്വീകരിച്ച ശാലിയ വിഭാഗമാണ് ഈ മേഖലയെ ചലിപ്പിച്ചിരുന്നത്. പുതിയതലമുറ ഈ മേഖലയിലേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല. പകലന്തിയോളം പണിയെടുത്താലും കാര്യമായൊന്നും ലഭിക്കാത്തതുതന്നെ കാരണം.
മാറിമാറിവരുന്ന സർക്കാറുകൾ നെയ്ത്ത് വ്യവസായത്തിെൻറ ശാസ്ത്രീയവും സമഗ്രവുമായ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി ഈ മേഖലയിൽ പണിയെടുക്കുന്നവർ പറയുന്നു. ഒരുദിവസം മുഴുവൻ നെയ്താലും ജീവിക്കാനാവശ്യമായ തുകപോലും ലഭിക്കാത്ത അവസ്ഥയാണെന്ന് അഴീക്കോട് തെരുവിലെ കൈത്തറി പൈതൃകഗ്രാമത്തിലെ നെയ്ത്തുതൊഴിലാളികളായ അരക്കൻ പ്രദീപനും പി. പ്രഭാകരനും പറയുന്നു. രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ പണിയെടുത്താലും 300 രൂപയാണ് ലഭിക്കുക.
2005ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് കൈത്തറിഗ്രാമം പദ്ധതി കൊണ്ടുവരുന്നത്. വിനോദസഞ്ചാരികള്‍ക്ക് കൈത്തറിയെ കുറിച്ച് അറിയാനും പഠിക്കാനും അവസരമൊരുക്കുക വഴി നെയ്ത്തുവ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, സർക്കാറുകൾ മാറിമാറി വന്നതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട് നെയ്ത്തുകാർക്ക് സഹായമാകുന്ന നടപടികളൊന്നുമുണ്ടായില്ല. എൽ.ഡി.എഫ് ഭരണകാലത്ത് സ്കൂളുകളിൽ കൈത്തറി യൂനിഫോം നിർബന്ധമാക്കിയത് ഈ മേഖലക്ക് ആശ്വാസമായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചിട്ടതോടെ യൂനിഫോം നെയ്യാനുള്ള അവസരവും ഇല്ലാതായി. നെയ്ത്ത് പൂർത്തിയാക്കി തുണി കൈമാറിയാലും രണ്ടുംമൂന്നും മാസം കഴിഞ്ഞാണ് കൂലി ബാങ്ക് അക്കൗണ്ടിലെത്തുക. മഗ്ഗുകൾക്കും ഓടത്തിനും ചവിട്ടുകാലിനും അടക്കം നെയ്ത്ത് യന്ത്രഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ തൊഴിലാളികളുടെ ചെലവിൽ നന്നാക്കണം.
കണ്ണൂരിെൻറ ആധുനികചരിത്രം രേഖപ്പെടുത്തുന്ന കൈത്തറി മ്യൂസിയം നിർമാണം പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. 2.15 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നെയ്ത്തുതൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യത്തിന് ഏറക്കാലത്തെ പഴക്കമുണ്ട്. 40 വർഷങ്ങൾക്ക് മുമ്പ് അഴീക്കോട് വീവേഴ്സ് സൊസൈറ്റിയിൽ മാത്രം 500ലേറെ തൊഴിലാളികളുണ്ടായിരുന്നു. അത്രതന്നെപേർ വീടുകളിലും നെയ്തിരുന്നു. അന്ന്, ചെറിയ കുട്ടികൾ മുതൽ പ്രായമായവർവരെ നൂലിഴകൾ നെയ്തെടുത്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഇപ്പോൾ 20ൽ താഴെപേർ മാത്രമാണ് ഈ തൊഴിലെടുക്കുന്നത്. ബാക്കിയുള്ളവർ കൂലിപ്പണിയിലേക്കും മറ്റു ജോലികളിലേക്കും കടന്നു. മാറിമാറിവരുന്ന സർക്കാറുകൾ നെയ്ത്തുകാർക്കായി ഒന്നും ചെയ്യാതിരുന്നാൽ വർഷങ്ങൾക്കുള്ളിൽ ഈ പരമ്പരാഗത വ്യവസായം തന്നെ ഇല്ലാതാകുമെന്ന ആശങ്ക പേര് വെളിപ്പെടുത്താത്ത തൊഴിലാളി പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.