അർബുദത്തെ തോൽപിച്ച് അവർ ഒത്തുകൂടി
text_fieldsകണ്ണൂർ: അർബുദ രോഗത്തെ അതിജീവിച്ച് അവർ ഒത്തുകൂടി. നിറഞ്ഞ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും തങ്ങളുടെ അനുഭവങ്ങൾ കൂടി പങ്കുവെച്ചതോടെ 'അമൃതം 2022' പരിപാടി വേറിട്ട അനുഭവമായി. മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിലാണ് സെന്‍ററിൽ ചികിത്സയിലുള്ളവരുടെയും രോഗം ഭേദമായവരുടെയും കൂട്ടായ്മ സംഘടിപ്പിച്ചത്.
തലശ്ശേരി നഗരസഭ, ജില്ല പഞ്ചായത്ത്, കണ്ണൂർ കാൻസർ കൺട്രോൾ കൺസോർട്ട്യം എന്നിവരുടെ സഹകരണവും പരിപാടിക്കുണ്ടായിരുന്നു. അർബുദത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കുമുള്ള അപകർഷബോധം കുറക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വർണ വൈവിധ്യംകൊണ്ടും താരസാന്നിധ്യം കൊണ്ടും സമ്പന്നമായിരുന്നു ചടങ്ങ്. തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. മലബാർ കാൻസർ സെന്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർചായി മാറുന്നതോടെ വളരെയധികം മെഡിക്കൽ വിദ്യാർഥികളും ഗവേഷകരും ഇവിടേക്ക് എത്തിച്ചേരുമെന്നും സെന്ററിന്റെ വളർച്ച ദ്രുതഗതിയിലാകുമെന്നും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, എ.എൻ. ഷംസീർ എം.എൽ.എ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ ജമുനാറാണി, വാർഡ് കൗൺസിലർമാരായ വി. വസന്ത, റാഷിദ, തലശ്ശേരി സബ് കലക്ടർ അനുകുമാരി, എഴുത്തുകാരിയും അർബുദരോഗ അതിജീവിതയുമായ സിതാര എന്നിവർ പങ്കെടുത്തു.
നടൻ കുഞ്ചാക്കോ ബോബൻ, ഗായിക മഞ്ജരി, ഫുട്ബാള്‍ താരം സി.കെ. വിനീത് എന്നിവർ രോഗികളുമായി സംവദിച്ചു.
അതിജീവിതർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കുകയുമുണ്ടായി. കാൻസർ അതിജീവിതർ തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ രചിച്ച 'സമർപ്പൺ' എന്ന പുസ്തകം പി.പി. ദിവ്യ, സിതാരക്കു നൽകിയും കാൻസർ ചികിത്സകരും മറ്റ് ആരോഗ്യ പ്രവർത്തകരും തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ രചിച്ച 'സായൂജ്യ' എന്ന പുസ്തകം സി.കെ. വിനീത് പ്രസന്നക്കു നൽകിയും പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.