കണ്ണൂർ വിമാനത്താവളത്തിന് മൂന്നാം പിറന്നാൾ; ടൂറിസം പാക്കേജുമായി ആദ്യ യാത്രക്കാരുടെ കൂട്ടായ്മ
text_fieldsകണ്ണൂർ: കണ്ണൂർ വിമാനത്താവളം മൂന്നാം വാർഷികത്തിൽ, ജില്ലയുടെ ടൂറിസം മേഖലക്ക് ഉണർവേകാൻ പദ്ധതിയുമായി ജില്ലയിൽനിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മയായ 'ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി'. ഇതുവഴി വിമാനത്താവളം വഴിയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ പുതുവർഷത്തിൽ 10 ശതമാനം വർധനവുണ്ടാക്കുകയാണ് ലക്ഷ്യം. ട്രാവൽ ഏജൻസികൾ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ, അക്കമഡേഷൻ പ്രൊവൈഡേഴ്സ് അസോസിയേഷൻ, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, ഹോം സ്റ്റേ, റിസോർട്ടുകൾ എന്നിവയെയെല്ലാം ഒരുകുടക്കീഴിൽ അണിനിരത്തി വടക്കെ മലബാറിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാനാണ് പദ്ധതി.
കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്ക് കണ്ണൂർ വിമാനത്താവളം വഴി രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പാക്കേജ് ടൂറുകൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
വിമാനക്കമ്പനികളെക്കൂടി പങ്കാളികളാക്കി പാക്കേജുകൾ അവതരിപ്പിച്ച് കുറഞ്ഞ ചെലവിൽ വടക്കെ മലബാറിലെത്തി കാഴ്ചകൾ കണ്ടുമടങ്ങാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. യാത്ര, താമസം, ഭക്ഷണം എന്നിവയെല്ലാം ഇളവുകളോടെ ലഭ്യമാകുന്നതോടെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കോഓഡിനേറ്റർ റഷീദ് കുഞ്ഞിപ്പാറാൽ പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലെ വർധന ഭാവിയിൽ പോയൻറ് ഓഫ് കോൾ സ്റ്റാറ്റസ് ലഭിക്കുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ണൂർ െഡവലപ്മെൻറ് ഫോറം കോചെയർമാൻ സി. ജയചന്ദ്രൻ പറഞ്ഞു.
സഞ്ചാരികൾക്ക് പാക്കേജ് ലഭ്യമാക്കുന്ന കാലയളവ് വടക്കെ മലബാറിെൻറ ഉത്സവമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഫോറം ചെയർമാൻ ഡോ. ജോസഫ് ബെനവൻ പറഞ്ഞു. കണ്ണൂർ െഡവലപ്മെൻറ് ഫോറം, പ്രസ്ക്ലബ്, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, ദിശ, കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, വെയ്ക്ക്, വോക്, പോസിറ്റിവ് കമ്യൂൺ, സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജൻറ്സ് കേരള (എസ്.ഇ.ടി.എ.കെ) തുടങ്ങിയ സംഘടനകളും പങ്കാളികളാകും.
യോഗത്തിൽ പനക്കാട്ട് അബ്ദുൽ ഖാദർ, ജയദേവ്, എ.കെ. ഹാരിസ്, എൻ.പി.സി. രംജിത്, മധുകുമാർ, എസ്.കെ. ഷംസീർ, ഫൈസൽ, ബൈജു കുണ്ടത്തിൽ, യൂനസ്, ആരിഫ്, സദാനന്ദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.